Sub Lead

'സമാധാനപരമായ ബന്ധം പാകിസ്താന്‍ ആഗ്രഹിക്കുന്നു'; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്

സമാധാനപരമായ ബന്ധം പാകിസ്താന്‍ ആഗ്രഹിക്കുന്നു; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്
X

ന്യൂഡല്‍ഹി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഷഹബാസ് ശെരീഫ് കത്തയച്ചു. സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് ഷഹ്ബാസ് പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും പാക് പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ശെരീഫിനെ നരേന്ദ്രമോദി അനുമോദിച്ചിരുന്നു. ഭീകരതയില്ലാത്ത, സമാധാനവും സ്ഥിരതയുമുള്ള മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുവഴി നമുക്ക് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ക്രിയാത്മകമായ ബന്ധങ്ങള്‍ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഷഹ്ബാസ് മോദിക്ക് കത്തയച്ചത്.

'ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ ത്യാഗങ്ങള്‍ പ്രസിദ്ധമാണ്. നമുക്ക് സമാധാനം ഉറപ്പാക്കുകയും നമ്മുടെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം'- എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹബാസ് പറഞ്ഞിരുന്നു.

ശെരീഫിന്റെ പ്രതികരണം പോസിറ്റീവ് സൂചനയായാണ് അധികൃതര്‍ വിലയിരുത്തുന്നത്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇരുരാജ്യങ്ങള്‍ക്കും തലസ്ഥാനത്ത് നിലവില്‍ മുഴുവന്‍ സമയ ഹൈക്കമ്മീഷണര്‍മാരില്ല. 2018 ആഗസ്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഇമ്രാന്‍ ഖാന് അയച്ച കത്തിന് സമാനമായിരുന്നു മോദിയുടെ അഭിനന്ദന ട്വീറ്റ്.

Next Story

RELATED STORIES

Share it