Sub Lead

ശ്രീറാമിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് നിലനില്‍ക്കുമെന്ന് കോടതി

കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന സര്‍ക്കാര്‍ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു

ശ്രീറാമിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് നിലനില്‍ക്കുമെന്ന് കോടതി
X

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും കൂട്ടുപ്രതി കാറുടമയും സുഹൃത്തുമായ വഫയും കോടതിയില്‍ ഹാജരായി. തുടര്‍ന്ന് കേസ് സെഷന്‍ കോടതിയലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ക്കായി ഈ മാസം 27ന് വീണ്ടും പരിഗണിക്കും. അതേസമയം കുറ്റകരമായ നരഹത്യാ വകുപ്പായ 304 (രണ്ട്) പ്രകാരം ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.

പത്തു വര്‍ഷത്തെ തടവിനും പിഴക്കും ശിക്ഷാര്‍ഹമായ സെഷന്‍സ് കുറ്റത്തില്‍ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യേണ്ടതാണെന്നതില്‍ കേസ് സെഷന്‍ കോടതിയലേക്ക് കൈമാറും. സെഷന്‍സ് കോടതിയിലേക്ക് വിചാരണക്ക് മുമ്പുള്ള കമ്മിറ്റല്‍ നടപടികള്‍ക്കായാണ് പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കേസിലെ കുറ്റപത്രം പ്രതികള്‍ക്ക് നേരത്തെ കോടതി നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണിനെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നില്ല.

ഇതിനിടെ കേസിലെ രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തില്‍ ജാമ്യം എടുത്തിരുന്നു. ആ ജാമ്യബോണ്ട് ഇയാള്‍ കിടന്ന ആശുപത്രിയില്‍ നിന്ന് കോടതിയില്‍ എത്തിയതിനാല്‍ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുന്‍ ജാമ്യ ബോണ്ടില്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകര്‍പ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്‌ട്രേറ്റ് എ അനീസ രൂക്ഷമായി വിമര്‍ശിച്ചു. വാഹന അപകടം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്ന് പ്രതികള്‍ മറുപടി നല്‍കി. രണ്ടുപ്രതികളും തിങ്കളാഴ്ച ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it