Sub Lead

സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹിക്കു ഇടക്കാല ജാമ്യം

സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹിക്കു ഇടക്കാല ജാമ്യം
X

അഅ്‌സംഗഢ്: സിമി നിരോധത്തെ തുടര്‍ന്ന് പ്രതിഷേധ പോസ്റ്റര്‍ പതിച്ചെന്ന കുറ്റം ചുമത്തി 2001ല്‍ ഗുജറാത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹിക്കു കോടതി ജാമ്യം അനുവദിച്ചു. സപ്തംബര്‍ അഞ്ചിന് രാത്രി അഅ്‌സംഗഡ് പോലിസ് സ്‌റ്റേഷനില്‍ താമസിപ്പിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്കു മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു മാസത്തിനകം ഗുജറാത്തില്‍ ഹാജരാവണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം പോലിസ് സ്‌റ്റേഷനില്‍ താമസിപ്പിച്ച് ഇന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോവുമെന്നായിരുന്നു പോലിസ് അറിയിച്ചിരുന്നത്.

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഫലാഹിയെ അഅ്‌സംഗഡ് പോലിസ് അറസ്റ്റ് ചെയ്തത്. 2001 നിരോധനകാലത്ത് സിമിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഫലാഹിക്കെതിരേ നിരോധനഭാഗമായി ചുമത്തിയ കേസാണിത്. സമാനമായ പല കേസുകളിലും ഫലാഹിയെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. 2001ല്‍ നിരോധനത്തോടനുബന്ധിച്ച് ഡല്‍ഹി സാകിര്‍ നഗറിലെ സിമി ആസ്ഥാനത്തുനിന്ന് ഫലാഹിയെ അറസ്റ്റ് ചെയ്തശേഷം ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി ചുമരില്‍ പോസ്റ്റര്‍ പതിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ ഫലാഹിയെ 2015 മാര്‍ച്ചില്‍ കോടതി വെറുതെവിട്ടിരുന്നു. സിമി നിരോധനം എട്ടാമതും യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചതിനെതിരേ മേല്‍ക്കോടതിയെ സമീപിച്ചിരിക്കെയാണ് പ്രഗല്‍ഭ യൂനാനി പ്രഭാഷകനും പണ്ഡിതനുമായ ഡോ. ഫലാഹിക്കെതിരേ രണ്ടു പതിറ്റാണ്ട് മുമ്പുള്ള കേസിന്റെ പേരിലുള്ള നടപടിയെന്നതും ദുരൂഹമാണ്.


Next Story

RELATED STORIES

Share it