Sub Lead

സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കല്‍: മൂന്നുമാസത്തിനുള്ളില്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് കേന്ദ്രം

സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കല്‍: മൂന്നുമാസത്തിനുള്ളില്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടി . സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്തു നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രിം കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രിംകോടതി കേന്ദ്രത്തിന് കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇതാണ് മൂന്നുമാസം ആവശ്യമാണെന്നു പറഞ്ഞ് നീട്ടിചോദിച്ചത്. ഇന്റര്‍നെറ്റ് ജനാധിപത്യത്തിനു സങ്കല്‍പ്പിക്കാനാവാത്ത വിധം തടസ്സം സൃഷ്ടിക്കുന്നുവെന്നും ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്തകളുടെ പ്രചാരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലുള്ളത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് നയരൂപീകരണത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി അഭിപ്രായം തേടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം പ്രതീക്ഷിച്ചതിലും അപ്പുറമായതിനാല്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു.







Next Story

RELATED STORIES

Share it