Sub Lead

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി; കെ ടി ജലീലിനെതിരേ വെള്ളാപ്പള്ളി

കഴിഞ്ഞ 21ന് വീട്ടില്‍ വന്നാണ് ജലീല്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോന്‍ പുത്തന്‍പുരക്കല്‍ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി; കെ ടി ജലീലിനെതിരേ വെള്ളാപ്പള്ളി
X

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരേ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീല്‍ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്.

കഴിഞ്ഞ 21ന് വീട്ടില്‍ വന്നാണ് ജലീല്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോന്‍ പുത്തന്‍പുരക്കല്‍ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരേ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരേ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്.

ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആര്‍ക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണം ഉണ്ടായി. സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലര്‍ സമരവുമായി ഇറങ്ങിയതാണ്.

സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതിനിടെ, നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞു. തിരക്കുകള്‍ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന. പി രാമഭദ്രനാണ് പുതിയ കണ്‍വീനര്‍.

Next Story

RELATED STORIES

Share it