Big stories

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപില്‍ റെയ്ഡ്; ടെന്റുകള്‍ പൊളിച്ചുനീക്കി

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപില്‍ റെയ്ഡ്; ടെന്റുകള്‍ പൊളിച്ചുനീക്കി
X

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാംപില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പോലിസുകാരും സംഘടിച്ചെത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകള്‍ സൈന്യം പൊളിച്ചുനീക്കി. വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈനിക ഇടപെടലുണ്ടായത്.


ലാത്തികളുമായെത്തിയ പോലിസ് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടം തടസ്സപ്പെടുത്തി പ്രതിഷേധക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകളും നീക്കി. പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ സൈന്യം പ്രതിഷേധക്കാരോട് കൊട്ടാരത്തില്‍നിന്ന് പിന്‍മാറാനും തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഒരുമിച്ചുകൂടാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ടെന്റുകള്‍ തകര്‍ത്ത സൈന്യം നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൈന്യം ക്യാംപുകളില്‍ ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. റെനില്‍ വിക്രമസിംഗെ ഞങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ അത് വീണ്ടും ചെയ്യുന്നു.

പക്ഷേ, തങ്ങള്‍ ഒരിക്കലും സമരത്തില്‍ നിന്ന് പിന്‍മാറില്ല. നമ്മുടെ രാജ്യത്തെ നീചമായ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു- സായുധസേനയുടെ അടിച്ചമര്‍ത്തലിനോട് പ്രതിഷേധക്കാര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ഗോതബായെ രാജപക്‌സെ പ്രസിഡന്റ് പദമൊഴിയണമെന്നാവശ്യപ്പെട്ട് ജൂലൈ ഒമ്പതിനാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കൊട്ടാരത്തില്‍നിന്ന് പിന്‍മാറണമെന്ന് റെനില്‍ വിക്രമസിംഗെ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിനെ താഴെയിറക്കാനും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫിസ് അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം അക്രമങ്ങള്‍ രാജ്യത്തുണ്ടായാല്‍ അതിനെ നിയമപരമായി നേരിടുമെന്നും വിക്രമസിംഗെ മുന്നറിയിപ്പ് നല്‍കി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശ്രീലങ്കയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

രാജ്യത്തുടനീളമുള്ള ശ്രീലങ്കക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് നേടുന്നതിനോ പഴയത് പുതുക്കുന്നതിനോ വേണ്ടി കൊളംബോയിലെ പാസ്‌പോര്‍ട്ട് ഓഫിീസില്‍ വരിനില്‍ക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യത്തു നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ വഴിതേടുന്നത്. രാജ്യത്ത് ഭക്ഷണമോ ഇന്ധനമോ പണമോ ഇല്ല. തങ്ങള്‍ എന്ത് ചെയ്യും, എങ്ങനെ ജീവിക്കും? പാസ്‌പോര്‍ട്ട് എടുത്ത് ഖത്തറിലേക്ക് ജോലിക്ക് പോവാനാണ് താനിവിടെ വന്നത്. ആളുകള്‍ ഇവിടെയുള്ളത് ഇതിന് വേണ്ടി മാത്രമാണ്- വരിയില്‍ നില്‍ക്കുന്ന ഒരാള്‍ എഎന്‍ഐയോട് പറഞ്ഞു.

Next Story

RELATED STORIES

Share it