Big stories

ശ്രീലങ്കയില്‍ റേഷന്‍ സംവിധാനത്തിലൂടെ ഇന്ധന വിതരണം; പമ്പുകളില്‍ നീണ്ട ക്യൂ

ശ്രീലങ്കയില്‍ റേഷന്‍ സംവിധാനത്തിലൂടെ ഇന്ധന വിതരണം; പമ്പുകളില്‍ നീണ്ട ക്യൂ
X

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തിനില്‍ക്കുന്ന ശ്രീലങ്കയില്‍ റേഷന്‍ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരുതവണ പമ്പിലെത്തുമ്പോള്‍ 1,000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി. മുച്ചക്ര വാഹനങ്ങള്‍ക്ക് 1,500 രൂപയ്ക്കും കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് 5,000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം. ലോറി, ബസ്സുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് റേഷനില്ല.

അതേസമയം, ഇന്ധന റേഷന്‍ നടപ്പാക്കിയതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് രാജ്യത്ത് കാണുന്നത്. ഇത് ആളുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നുണ്ട്. പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂവില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ രോഷമാണുയരുന്നത്. ശ്രീലങ്കന്‍ രൂപയുടെ മൂല്യം അനുദിനം ഇടിയുന്നതിനാല്‍ പ്രതിദിനം 12 മണിക്കൂറാണ് ശ്രീലങ്കയിലെ പവര്‍ കട്ട്. അവശ്യസാധനങ്ങള്‍ക്ക് ഇപ്പോഴും ക്ഷാമം നേരിടുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക ഇപ്പോള്‍ കടന്നുപോവുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി വിദേശ വായ്പകളില്‍ കുടിശ്ശിക വരുത്തി. കൊളംബോയിലെ ഗാലെ ഫേസിലെ പ്രതിഷേധം വെള്ളിയാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ അതില്‍ ചേരുന്നു. ദ്വീപിന്റെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള കഴിവില്ലായ്മ ആരോപിച്ച് അവര്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രതിഷേധ കാംപയിനും നടക്കുന്നുണ്ട്. അതില്‍ യുവാക്കളോട് ഗാലി ഫേസില്‍ ഒത്തുകൂടാന്‍ ആവശ്യപ്പെടുന്നു. കൂടാതെ, വിദേശനാണ്യം തെറ്റായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ദ്വീപിലുടനീളം പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുന്നതുവരെ സര്‍ക്കാരുമായുള്ള ചര്‍ച്ച പ്രതിഷേധക്കാര്‍ തള്ളി.

Next Story

RELATED STORIES

Share it