Sub Lead

നരഹത്യാ കുറ്റം ചുമത്തപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണം: ജോണ്‍സണ്‍ കണ്ടച്ചിറ

നരഹത്യാ കുറ്റം ചുമത്തപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണം: ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ നരഹത്യാ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. പോലിസിന്റെ കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് ശ്രീറാം നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയയ്ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 16 നു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് ഹാജരാവാനും നിര്‍ദേശിച്ചിരിക്കുകയാണ്. ഗുരുതരമായ നിലയില്‍ കോടതി പരാമര്‍ശം നടത്തിയ കേസിലെ പ്രതി വീണ്ടും ഭരണപരമായ ചുമതല വഹിക്കുന്നത് സ്വാധീനങ്ങള്‍ക്കും നീതി നിഷേധത്തിനും ഇടയാക്കും. നേരത്തേ കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹെക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ശ്രീറാം വിചാരണ നേരിടണമെന്നു 2023 ആഗസ്ത് 25 ന് സുപ്രിം കോടതിയും ഉത്തരവിട്ടിരുന്നു. നരഹത്യാ കേസ് നിലനില്‍ക്കില്ലെന്ന വാദം അന്ന് സുപ്രിം കോടതിയും തള്ളിയിരുന്നു. ഔദ്യോഗിക പദവിയിലിരുന്നുകൊണ്ടു തന്നെ നരഹത്യാ കേസില്‍ പ്രതിയായി വിചാരണ നേരിടുകയെന്നത് നീതിയെ പരിഹസിക്കലാണെന്നും ശ്രീറാം വെങ്കിട്ടരാമനെ ഔദ്യോഗിക ചുമതലകളില്‍ നിന്നെല്ലാം ഉടന്‍ തന്നെ മാറ്റി നിര്‍ത്തണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it