Sub Lead

'പ്രതിഷേധക്കാരെ കൊല്ലുന്നത് നിര്‍ത്തൂ'; മ്യാന്‍മര്‍ സൈന്യത്തോട് യുഎന്‍

പ്രതിഷേധക്കാരെ കൊല്ലുന്നത് നിര്‍ത്തൂ;   മ്യാന്‍മര്‍ സൈന്യത്തോട് യുഎന്‍
X

ജനീവ: സൈനിക അട്ടിമറിക്കെതിരേ പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തുന്നത് നിര്‍ത്താന്‍ മ്യാന്‍മര്‍ സൈന്യത്തോട് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ നടന്ന അട്ടിമറിക്ക് ശേഷം 54 പേര്‍ കൊല്ലപ്പെടുകയും 1,700 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി യുഎന്‍ അവകാശ മേധാവി പറഞ്ഞു. ബുധനാഴ്ച മാത്രം പ്രതിഷേധ റാലിക്കു നേരെയുണ്ടായ വെടിവയ്പില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേന ജനക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്ന് യുഎന്‍ അവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതും ജയിലിലടയ്ക്കുന്നതും മ്യാന്‍മര്‍ സൈന്യം അവസാനിപ്പിക്കണം. രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന വെടിയുതിര്‍ക്കുന്നത് തികച്ചും വെറുപ്പുളവാക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു. അടിയന്തിര സഹായം നല്‍കുന്ന ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റവര്‍ക്ക് പരിചരണം നല്‍കാനെത്തുന്ന ആംബുലന്‍സുകള്‍ക്കുമെതിരേയുണ്ടായ ആക്രമണം അമ്പരന്നിരിക്കുന്നതായും ബാച്ചലെറ്റ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിന് ശേഷം 54 പേരെ പോലിസും സൈനിക ഉദ്യോഗസ്ഥരും കൊലപ്പെടുത്തിയെന്ന വിവരം സ്ഥിരീകരിച്ചതായി യുഎന്‍ അവകാശ ഓഫിസ് അറിയിച്ചു. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ വളരെ ഉയര്‍ന്നതായിരിക്കാം. കാരണം ഓഫിസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞ കണക്കുകള്‍ മാത്രമാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ കൊലപാതകങ്ങള്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്. സുരക്ഷാ സേന യാങ്കോണ്‍, മണ്ടാലെ, സാഗിംഗ്, മാഗ്വേ, തിംഗള്‍ എന്നിവിടങ്ങളില്‍ വെടിവയ്പ് നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കുകള്‍ രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും എന്നാല്‍ പ്രതിഷേധത്തിനിടെ കുറഞ്ഞത് നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു. അട്ടിമറിക്ക് ശേഷം 1,700ലേറെ പേരെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ ബന്ധപ്പെട്ട് ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

സൈനികരും പോലിസും വീടുതോറും തിരച്ചില്‍ നടത്തി ബുധനാഴ്ച മാത്രം 700 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാര്‍ലമെന്റംഗങ്ങള്‍, രാഷ്ട്രീയ, അവകാശ പ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്യാസിമാര്‍ തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഏകപക്ഷീയമായി തടങ്കലില്‍ കഴിയുന്ന എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ബാച്ചലെറ്റ് മുന്നറിയിപ്പ് നല്‍കി. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. സമീപ ദിവസങ്ങളില്‍ കുറഞ്ഞത് 29 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്കെതിരെ സര്‍ക്കാരിനെതിരേ എതിര്‍പ്പ് അല്ലെങ്കില്‍ വിദ്വേഷം ജനിപ്പിക്കുക, നിയമവിരുദ്ധ സമ്മേളനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ''മ്യാന്‍മറിലെ ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള സൈന്യത്തിന്റെ നീക്കമാണിത്. ഇന്നും മുമ്പും നടന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സൈനിക നേതാക്കളെ ഉത്തരവാദികളാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ബാച്ചലെറ്റ് പറഞ്ഞു.

"Stop Murdering" Protesters: UN Tells Myanmar Military

Next Story

RELATED STORIES

Share it