Big stories

കോതിയില്‍ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പോലിസ് അതിക്രമം, കോര്‍പറേഷനില്‍ പരിധിയില്‍ നാളെ ഹര്‍ത്താല്‍

കോതിയില്‍ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പോലിസ് അതിക്രമം, കോര്‍പറേഷനില്‍ പരിധിയില്‍ നാളെ ഹര്‍ത്താല്‍
X

കോഴിക്കോട്: കോതിയില്‍ കോഴിക്കോട് കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ ഇന്നും പ്രതിഷേധത്തില്‍. മലിനജല ശുചീകരണ സംസ്‌കരണ പ്ലാന്റിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ മുതല്‍ പ്രദേശത്തെ പദ്ധതി പ്രദേശത്തേയ്ക്കുള്ള പ്രധാന റോഡ് ഉരോധിച്ചാണ് നാട്ടുകാരുടെ സമരം. റോഡില്‍ ടയര്‍ കത്തിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു. വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളെ വലിച്ചിഴച്ച് മാറ്റി. ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയില്‍ ഒരു കുട്ടിക്ക് പോലിസിന്റെ മര്‍ദ്ദനമേറ്റെന്നു നാട്ടുകാര്‍ ആരോപിച്ചു. പോലിസ് സുരക്ഷയില്‍ മാലിന്യപ്ലാന്റ് നിര്‍മാണം തുടരാനാണ് കോര്‍പറേഷന്‍ ശ്രമം. ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് കോര്‍പറേഷന്റെ പ്ലാന്റ് നിര്‍മാണം. ഇതിനെതിരേ തുടക്കം മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കോര്‍പറേഷന്റെ ഇടപെടലുകള്‍ക്കെതിരേ ഇന്നലെയും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ പ്ലാന്റ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും സമരക്കാര്‍ തടഞ്ഞിരുന്നു. എന്തുസംഭവിച്ചാലും പ്ലാന്റിന്റെ നിര്‍മാണത്തിനാവശ്യമായ സാധനങ്ങളുമായി ഒരു വാഹനത്തെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ആറ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലിസ് സേനയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാനായുണ്ടായിരുന്നത്. കല്ലായിപ്പുഴയുടെ തീരത്താണ് ഈ മാലിന്യ പ്ലാന്റ് വരുന്നത്. പദ്ധതിയില്‍ ചട്ടലംഘനമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മാണമെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ അനുകൂല ഉത്തരവുളളതിനാലാണ് നഗരസഭ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലിസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, ജനവാസ മേഖലയില്‍ പ്ലാന്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സമരം അടിച്ചമര്‍ത്താനുളള പോലിസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ പ്ലാന്റ് വരുന്ന കോതി ഉള്‍പ്പെടുന്ന മൂന്ന് വാര്‍ഡുകളില്‍ ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സമരസമിതി കണവീനര്‍ സിദ്ദീഖ് പരപ്പില്‍ പറഞ്ഞു.

കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടക്കുക. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുളള കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. മാലിന്യപ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഇതുവരെയും ഒരു പ്ലാനും നല്‍കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് നിര്‍മാണവുമായി മുന്നോട്ടുപോവുന്നതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it