Sub Lead

പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കെഎസ് യു, എംഎസ്എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കെഎസ് യു, എംഎസ്എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

പരപ്പനങ്ങാടി: പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പരപ്പനങ്ങാടി പുത്തരിക്കലിലെ പുതിയന്റകത്ത് മുഹമ്മദ് ബഷീര്‍-റാബിയ ദമ്പതികളുടെ മകള്‍ ഹാദി റുഷ്ദ(15)യുടെ മരണത്തിനു പിന്നാലെയാണ് പ്രതിഷേധമിരമ്പിയത്. പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി മരിക്കാനിടയായതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പരപ്പനങ്ങാടി വിദ്യാഭ്യാസ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പരപ്പനങ്ങാടി എസ്എച്ച്ഒ ഹരീഷിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ പ്ലസ്ടു സീറ്റ് നിഷേധത്തിലൂടെ കുട്ടികളെ കൊലയ്ക്ക് കൊടുക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നയം വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിദാരുണമായ സംഭവമാണ് പരപ്പനങ്ങാടിയില്‍ നടന്നത്. മാര്‍ക്കുണ്ടായിട്ടു പോലും അലോട്ട്‌മെന്റുകളില്‍ സീറ്റ് ലഭിക്കാത്തത് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതിന്റെ ഉദാഹരണമാണ് പെണ്‍കുട്ടിയുടെ മരണത്തിലൂടെ വെളിവായിരിക്കുന്നത്. പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നിരിക്കെ സംഭവം വഴിതിരിച്ച് വിടാനും ലഘൂകരിക്കാനും ബന്ധുക്കളെ സമര്‍ദ്ദത്തിലാക്കി വിഷയം തെറ്റായ രീതിയിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം ജില്ലയോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മൂലമാണെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശരീഫ് വടക്കയില്‍ പറഞ്ഞു.

കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍, കണ്‍വീനര്‍ കെ ബി ആദില്‍, ശമീര്‍ കാസിം, റാഷിദ് പൊന്നാനി, ശരത് മോനോക്കി, റിനോ കുര്യന്‍, എംഎസ്എഫ് നേതാക്കളായ അര്‍ഷദ് ചെട്ടിപ്പടി, സലാഹുദ്ദീന്‍, പി കെ അസ്ഹറുദ്ദീന്‍ സംസാരിച്ചു. പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ കേസെടുത്തതായി പരപ്പനങ്ങാടി സിഐ ഹരീഷ് പറഞ്ഞു.

Next Story

RELATED STORIES

Share it