Sub Lead

മഹുവ മൊയ്ത്രയുടെ ഹരജി സുപ്രിം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി

മഹുവ മൊയ്ത്രയുടെ ഹരജി സുപ്രിം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നല്‍കിയ ഹരജി സുപ്രിംകോടതി ജനുവരി മൂന്നിലേക്ക് മാറ്റി. നടപടി ചോദ്യംചെയ്ത് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മാറ്റിയത്. ശീതകാല അവധിക്കു മുമ്പുള്ള സുപ്രീംകോടതിയുടെ അവസാനത്തെ പ്രവൃത്തിദിനം കൂടിയാണിന്ന്. മൊയ്ത്രയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി ബുധനാഴ്ച സുപ്രിം കോടതിയില്‍ നടത്തിയ തീവ്രശ്രമത്തിനു പിന്നാലെയാണ് ഇന്ന് പരിഗണിച്ചത്. തനിക്കെതിരേ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി നിയമവിരുദ്ധതയും സ്വേച്ഛാധിപത്യപരമായുമാണ് പ്രതികരിച്ചതെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

തന്നെ അയോഗ്യയാക്കിയ നടപടിയെ എതിര്‍ക്കുകയും എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അഭിപ്രായം പറയാന്‍ അനുവദിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണവും ആനുകൂല്യവും വാങ്ങിയെന്ന് ആരോപിച്ച് സുപ്രിം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദെഹ്‌റാദായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെ സപ്തംബറില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര വിവാദത്തില്‍ അകപ്പെട്ടത്. പാര്‍ലിമെന്റ് അംഗത്തിന്റെ ലോഗിന്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ചോദ്യങ്ങള്‍ ചോദിക്കാനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങളും പണവും സ്വീകരിക്കുകയും ചെയ്‌തെന്നാണ് ആരോപണം. തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണത്തിന് വിട്ടു. കേസില്‍ സിബിഐ പ്രാഥമിക എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, പ്രതിപക്ഷ എംപിമാരുടെ വാക്കൗട്ടിനെ വകവയ്ക്കാതെയാണ് ലോക്‌സഭ ശബ്ദവോട്ടോടെ മഹുവ മൊയ്ത്രയെ പുറത്താക്കിയത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര.

Next Story

RELATED STORIES

Share it