Sub Lead

ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി

പ്രധാനമായും ഏഴ് കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.

ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച ശേഷവും തടവുകാരെ സമയബന്ധിതമായി മോചിപ്പിക്കാത്ത സംഭവത്തില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രിം കോടതി. ജാമ്യ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജാമ്യത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടും കസ്റ്റഡിയില്‍ തുടരുന്ന വിചാരണത്തടവുകാരുടെ വിഷയത്തിലാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്ന് അമിക്കസ് ക്യൂറി അംഗങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച വിശദവും സമഗ്രവുമായ നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി. അഭിഭാഷകരായ ഗൗരവ് അഗര്‍വാള്‍, ലിസ് മാത്യു, ദേവാന്‍ഷ് എ മൊഹ്ത എന്നിവര്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജുമായി ചര്‍ച്ച നടത്തിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.


പ്രധാനമായും ഏഴ് കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. ഒരു വിചാരണത്തടവുകാരന് ജാമ്യം അനുവദിക്കുന്ന കോടതി, അതേ ദിവസമോ അടുത്ത ദിവസമോ ജയില്‍ സൂപ്രണ്ട് മുഖേന തടവുകാരന് ഇമെയില്‍ വഴി ജാമ്യ ഉത്തരവിന്റെ സോഫ്റ്റ് കോപ്പി അയയ്‌ക്കേണ്ടതുണ്ട്. ജയില്‍ സൂപ്രണ്ട് ഇ പ്രിസണ്‍സ് സോഫ്റ്റ്‌വെയറില്‍ അല്ലെങ്കില്‍ ജയില്‍ വകുപ്പ് ഉപയോഗിക്കുന്ന മറ്റേതെങ്കിലും സോഫ്റ്റ്‌വെയറില്‍ ജാമ്യം അനുവദിക്കുന്ന തീയതി രേഖപ്പെടുത്തണം. ജാമ്യം അനുവദിച്ച തിയ്യതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പ്രതിയെ വിട്ടയച്ചില്ലെങ്കില്‍, പാരാ ലീഗല്‍ വോളണ്ടിയറെയോ ജയില്‍ വിസിറ്റിംഗ് അഭിഭാഷകനെ നിയോഗിക്കാവുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയെയോ അറിയിക്കേണ്ടത് ജയില്‍ സൂപ്രണ്ടിന്റെ കടമയാണ്. തടവുകാരനോടൊപ്പം തടവുകാരനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളിലും സഹായിക്കുക എന്നതും ജയില്‍ സൂപ്രണ്ടിന്റെ ബാധ്യതയാണ്. ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ ഫീല്‍ഡുകള്‍ സൃഷ്ടിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ശ്രമിക്കും. അതുവഴി ജാമ്യം അനുവദിക്കുന്ന തിയ്യതിയും റിലീസ് തിയ്യതിയും ജയില്‍ വകുപ്പ് രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനുള്ളില്‍ തടവുകാരനെ വിട്ടയച്ചില്ലെങ്കില്‍, ഒരു ഓട്ടോമാറ്റിക് ഇമെയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് അയക്കും. പ്രതിയുടെ സാമ്പത്തിക സ്ഥിതി കണ്ടെത്താനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് തടവുകാരന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് ഒരു റിപോര്‍ട്ട് തയ്യാറാക്കാന്‍ പ്രൊബേഷന്‍ ഓഫീസര്‍മാരുടെയോ പാരാ ലീഗല്‍ വോളന്റിയര്‍മാരുടെയോ സഹായം തേടാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്താനുള്ള അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാം. വിചാരണത്തടവുകാരോ കുറ്റാരോപിതരോ തനിക്ക് ജാമ്യാപേക്ഷയോ ജാമ്യമോ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കേസുകളില്‍ പരിശോധിച്ച് നിശ്ചിത കാലയളവിലേക്ക് താല്‍കാലിക ജാമ്യം നല്‍കുന്നത് കോടതി പരിഗണിക്കും. ജാമ്യം അനുവദിച്ച തിയ്യതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ജാമ്യ ബോണ്ടുകള്‍ ഹാജരാക്കിയില്ലെങ്കില്‍, ബന്ധപ്പെട്ട കോടതിക്ക് സ്വമേധയാ കേസ് ഏറ്റെടുക്കുകയും ജാമ്യ വ്യവസ്ഥകളില്‍ ഭേദഗതിയോ ഇളവോ ആവശ്യമുണ്ടോ എന്ന് പരിഗണിക്കുകയും ചെയ്യാം. പ്രതിയുടെ മോചനം വൈകിപ്പിക്കുന്ന ഒരു കാരണം പ്രാദേശിക ജാമ്യത്തിനുള്ള നിര്‍ബന്ധമാണ്. ചില കേസുകളില്‍ കോടതികള്‍ പ്രാദേശിക വ്യവസ്ഥകള്‍ ചുമത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ-സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിമാര്‍ക്ക് സംരക്ഷിതാടിസ്ഥാനത്തില്‍ ഇപ്രിസണ്‍ പോര്‍ട്ടലിലേക്ക് പ്രവേശനം നല്‍കുമോ എന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്യണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് ഉത്തരവില്‍ നിരീക്ഷിച്ചു. ഇത് ജയില്‍ അധികാരികളുമായി കൂടുതല്‍ മെച്ചപ്പെട്ട ഫോളോ അപ്പ് സുഗമമാക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, അനുമതി നല്‍കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ നിര്‍ദേശങ്ങള്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം കോടതിയില്‍ അറിയിക്കുമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് ബെഞ്ചിന് ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it