Sub Lead

കൊളീജിയം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല; ഹരജി തള്ളി സുപ്രിംകോടതി

കൊളീജിയം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല; ഹരജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. കൊളീജിയത്തിന്റെ അന്തിമതീരുമാനം മാത്രമേ പൊതുജനത്തെ അറിയിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. 2018 ഡിസംബര്‍ 12നു ചേര്‍ന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ ആശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജാണ് ഹരജിക്കാരി.

യോഗത്തിന്റെ വിശദാംശങ്ങള്‍ ആശ്യപ്പെട്ട് ഇവര്‍ നേരത്തെ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. അന്നത്തെ കൊളീജിയം യോഗത്തില്‍ പങ്കെടുത്ത മുന്‍ സുപ്രിംകോടതി ജഡ്ജി മദന്‍ ബി ലോകൂറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജി. യോഗത്തില്‍ രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചു. പിന്നീട് തീരുമാനം മാറ്റിയെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍, ഒരു ജഡ്ജിയുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഹരജിയെന്നും ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നും പറഞ്ഞ കോടതി, ഹരജിയില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിശദീകരിച്ചു. 2018 ഡിസംബറില്‍ നടന്ന കൊളീജിയം യോഗത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് എ ബോബ്‌ഡെ എന്‍ വി രമണ എന്നിവരാണ് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍, യോഗത്തിന്റെ വിശദാംശങ്ങള്‍ സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ നല്‍കാത്തതിനെതിരേ ജസ്റ്റിസ് ലോകൂര്‍ 2019ല്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it