Sub Lead

കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; പിഐബി ഫാക്റ്റ് ചെക്ക് യൂനിറ്റിന് സുപ്രിംകോടതി വിലക്ക്

കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; പിഐബി ഫാക്റ്റ് ചെക്ക് യൂനിറ്റിന് സുപ്രിംകോടതി വിലക്ക്
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയില്‍നിന്ന് വീണ്ടും തിരിച്ചടി. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈനിലും വരുന്ന വാര്‍ത്തകളുടെ വസ്തുതാ പരിശോധന നടത്തുന്നതിനു വേണ്ടി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു കീഴില്‍ യൂനിറ്റ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനം സ്‌റ്റേ ചെയ്തത്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറ തുടങ്ങിയവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിനെതിരായ ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് 2023ലെ ഭേദഗതിചെയ്ത ഐടി ചട്ടങ്ങള്‍ പ്രകാരം അനുമതി നല്‍കുന്ന വ്യവസ്ഥയ്ക്ക് എതിരായ ഹരജികള്‍ ബോംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജികളില്‍ ഇടക്കാല സ്‌റ്റേ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബോംബെ ഹൈക്കോടതി തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്രം വസ്തുതാ പരിശോധന നടത്തുന്നതിന് യൂനിറ്റ് രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാല്‍, ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹരജിയിലെ വിഷയങ്ങള്‍ ഭരണഘടനപരമായി ഗൗരവമേറിയ വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. അതിനാല്‍ ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വിജ്ഞാപനം സ്‌റ്റേ ചെയ്യുന്നുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it