Sub Lead

സുപ്രിംകോടതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ്

സുപ്രിംകോടതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതിയെന്നോണം വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ സുപ്രിം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിലും തട്ടിപ്പ് നടക്കുന്നതായാണ് പുതിയ വാര്‍ത്ത. സുപ്രിംകോടതിയുടെ വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്‌സൈറ്റിലൂടെ ബാങ്ക് ഇടപാടിലെ വിവരങ്ങള്‍ മുതല്‍ വ്യക്തിഗത വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതി രജിസ്ട്രി ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി മുന്നറിയിപ്പ് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാവരുതെന്നാണ് നോട്ടീസില്‍ പറയുന്നത്. scigv.com, scigv.com/offence എന്നീ രണ്ട് യുആര്‍എല്ലുകള്‍ വഴിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇതില്‍ scigv.com/offence എന്ന യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്താല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്നാണ് അവകാശവാദം. ഇതുവഴി വ്യക്തി വിവരങ്ങള്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെടും. തങ്ങളുടെ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ വരുന്നുണ്ടോയെന്നറിയാന്‍ പലരും ഇതില്‍ ക്ലിക്ക് ചെയ്യും. ചിലര്‍ കൗതുകത്തിനു വേണ്ടിയും ക്ലിക്ക് ചെയ്തുനോക്കും. ഈ സമയം കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ബാങ്കിന്റെ പേര്, ഫോണ്‍ നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, ഓണ്‍ലൈന്‍ ബാങ്കിങ് യൂസര്‍ ഐഡി, കാര്‍ഡിന്റെ പാസ് വേഡ് തുടങ്ങിയവ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. എന്നാല്‍, ഇത്തരത്തില്‍ ഒരു സംവിധാനം സുപ്രിംകോടതി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യാജ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാവരുതെന്നുമാണ് സുപ്രിം കോടതി രജിസ്ട്രിയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നത്. മേല്‍പ്പറഞ്ഞ യു.ആര്‍.എല്ലുകള്‍ സന്ദര്‍ശിക്കുന്നവര്‍ സ്വകാര്യവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുത്. വിവരങ്ങള്‍ നല്‍കിയാല്‍ തട്ടിപ്പ് സംഘത്തിന് വിവരങ്ങള്‍ മോഷ്ടിക്കാനാവും. സുപ്രിം കോടതി രജിസ്ട്രി വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മറ്റു രഹസ്യ വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന കാര്യം ശ്രദ്ധിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

മാത്രമല്ല, സുപ്രിം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.sci.gov.in ആണെന്നും യുആര്‍എല്ലുകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം അവയില്‍ ക്ലിക്ക് ചെയ്യണമെന്നും വ്യക്തമാക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ വ്യാജ വെബ്‌സൈറ്റുകളില്‍ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ് വേഡുകള്‍ മാറ്റണമെന്നും ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കണമെന്നും രജിസ്ട്രി അറിയിച്ചു. വ്യാജ വെബ്‌സൈറ്റിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി രജിസ്ട്രാര്‍ ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി പോലിസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it