Sub Lead

ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് ശുപാര്‍ശചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ് ഒന്ന് ബി ജി അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. ഇതുസംബന്ധിച്ച് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ടി പി വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി കെ. രജീഷ് എന്നിവര്‍ക്ക് ഇളവുനല്‍കാനുള്ള നീക്കം ഏറെ വിവാദമായിരുന്നു. വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപോര്‍ട്ട് തേടിയിരുന്നത്. ശിക്ഷായിളവ് തേടി ടി പി കേസ് പ്രതികള്‍ ഒരുമാസം മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

അതേസമയം, കള്ളക്കളി പുറത്തു വന്നപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല വഹിച്ച കെ എസ് ശ്രീജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി തികച്ചും ബാലിശമാണ്. പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷനായി ഉന്നയിക്കുന്നതിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്‌പെന്‍ഷന്‍ വിവരം പുറത്തുവിട്ടത് നാടകമാണ്. 20 വര്‍ഷത്തേക്ക് ശിക്ഷാ ഇളവിന് പരിഗണിക്കുക പോലും ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കൊലയാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. സംഭവം വിവാദമായപ്പോള്‍ കുറ്റം മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് യഥാര്‍ഥകുറ്റവാളികളെ രക്ഷിക്കാനാണ്. ആഭ്യന്തര വകുപ്പ് തയാറാക്കിയ മാനദണ്ഡ പ്രകാരമാണ് നടപടിയെന്ന് ജയിലധികാരികള്‍ രേഖാമൂലം മറുപടി നല്‍കിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ശിക്ഷാ ഇളവിനുള്ള പട്ടിക ആദ്യം തയാറാക്കിയത് 2023 ജനുവരി 30നും രണ്ടാമത് തയ്യാറാക്കിയത് 2024 മെയ് 30നുമാണ്. ഇതില്‍ ഏത് സമയത്താണ് ടി പി കേസ് കുറ്റവാളികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കാതെ ജൂണ്‍ ഒന്നുമുതല്‍ മാത്രം താല്‍കാലിക ചുമതല വഹിച്ച സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it