Sub Lead

സയ്യിദ് സലാഹുദ്ധീന്‍: ധീര രക്തസാക്ഷിത്വത്തിന് നോവിന്റെ ഒരാണ്ട്

എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന സയ്യിദ് കുടുംബത്തിലെ ആ ഇളമുറക്കാരനെ കൊലക്കത്തിക്കിരയാക്കിയ ആര്‍എസ്എസ് പൈശാചികതയുടെ ആഘാതത്തിലാണിപ്പോഴും നാട്.

സയ്യിദ് സലാഹുദ്ധീന്‍: ധീര രക്തസാക്ഷിത്വത്തിന് നോവിന്റെ ഒരാണ്ട്
X

പി സി അബ്ദുല്ല


കോഴിക്കോട്: ആര്‍എസ്എസ് ഭീകരര്‍ കൊലക്കത്തിക്കിരയാക്കിയയ ഉള്ളാള്‍ തങ്ങളുടെ ചെറുമകന്‍ കണ്ണവം സയ്യിദ് സലാഹുദ്ധീന്റെ ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ഒരു വര്‍ഷം. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന സയ്യിദ് കുടുംബത്തിലെ ആ ഇളമുറക്കാരനെ കൊലക്കത്തിക്കിരയാക്കിയ ആര്‍എസ്എസ് പൈശാചികതയുടെ ആഘാതത്തിലാണിപ്പോഴും നാട്.

കേസിലെ 12 പ്രതികളും ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ്. 11 പേര്‍ അറസ്റ്റിലായി. ഒരാല്‍ ഒളിവിലാണ്. സലാഹുദ്ധീന്റെ കൊലയാളികള്‍ക്ക് അറസ്റ്റിലായി അധികം കഴിയും മുന്‍പേ ജാമ്യം ലഭിച്ചതും വിവാദമായിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി പ്രദേശത്ത് അരങ്ങേറിയ പോലിസ്-ആര്‍എസ്എസ് ഗൂഢാലോചനയുടെ ഇരയായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍.

ഉള്ളാള്‍ തങ്ങളായിരുന്ന അന്തരിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ ചെറുമകനെയാണ് ണ്ണവത്ത് ആര്‍എസ്എസ് കാപാലികര്‍ തലയോട്ടി പിളര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഉള്ളാള്‍ തങ്ങളുടെ മൂത്ത മകള്‍ ബീ കുഞ്ഞി ബീയുടെ മകള്‍ നുസൈബ ബീവിയാണ് കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ മാതാവ്. സയ്യിദ് ഹാമിദ് യാസീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സ്വലാഹുദ്ദീന്‍.

പ്രമുഖ മതപണ്ഡിതനും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നമസ്‌കാര സമയക്രമീകരണ വിദഗ്ധനുമായിരുന്ന യുകെ ആറ്റക്കോയ തങ്ങള്‍ കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ പിതാമഹനാണ്. രണ്ടുകൊലക്കേസുകളില്‍ പ്രതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന എബിവിപി പ്രവര്‍ത്തകന്‍ മൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടതു മുതല്‍ ആരംഭിച്ച പോലിസ്-ആര്‍എസ്എസ് ഉപജാപമാണ് സയ്യിദ് സ്വലാഹുദ്ദീന്റെ നിഷ്ഠൂരമായ വധത്തില്‍ കലാശിച്ചത്.

2018 ജനുവരി 19ന് കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ഥി ശ്യാമ പ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വലാഹുദ്ദീന്‍ പ്രതിയാക്കപ്പെട്ടതിനു പിന്നില്‍ പോലിസ്-ആര്‍എസ്എസ് ഗൂഢാലോചനയായിരുന്നു. സ്വലാഹുദ്ദീന്റെ പിതാവ് സയ്യിദ് ഹാമിദ് യാസീന്‍ കോയ തങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അങ്ങനെ വിശ്വസിക്കാന്‍ കാരണങ്ങളേറെയുണ്ട്. ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് സ്വലാഹുദ്ദീനോടും മറ്റും പ്രദേശത്തുനിന്ന് മാറിനില്‍ക്കാന്‍ അന്നത്തെ എസ്‌ഐ കെ പി ഗണേശന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടതായി യാസീന്‍ കോയ തങ്ങള്‍ ഓര്‍ക്കുന്നു.

സ്വലാഹുദ്ദീന്‍ ഡ്രൈവറായി ജോലിചെയ്യുന്ന സ്‌കൂള്‍ വാഹനത്തില്‍ താല്‍ക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമായാണ് ശ്യാമപ്രസാദ് അക്രമിക്കപ്പെട്ടതെന്ന നിഗമനത്തില്‍ പ്രത്യാക്രമണമുണ്ടാവുമെന്നും സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ മാറിനില്‍ക്കണമെന്നുമായിരുന്നു എസ്‌ഐ ആവശ്യപ്പെട്ടത്. എസ്‌ഐയുടെ ആവശ്യപ്രകാരം സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ പ്രദേശത്തുനിന്ന് മാറിനിന്നു.

എന്നാല്‍, പോലിസ് അഭ്യര്‍ഥനപ്രകാരം സ്ഥലത്തുനിന്ന് മാറിയവരെ ശ്യാമ പ്രസാദ് കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയവരായി ചിത്രീകരിച്ച് പോലിസ് തന്നെ രംഗത്തുവന്നു. പ്രതികളുടേതെന്ന പേരില്‍ പോലിസ് സ്വലാഹുദ്ദീന്റെയും മറ്റും ഫോട്ടോകള്‍ ഫഌക്‌സ് ബോര്‍ഡുകളില്‍ ലുക്ക് ഔട്ട് നോട്ടീസായി പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരേ യാസീന്‍ തങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് തന്നെ ഫഌക്‌സ് ബോര്‍ഡ് നീക്കംചെയ്തു.

സ്വലാഹുദ്ദീനെ ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയായാണ് ഉള്‍പ്പെടുത്തിയത്. എബിവിപിക്കാരനെ അക്രമിച്ചവരെ ഉടനെതന്നെ പിടികൂടിയതായി പോലിസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞ് ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്വലാഹുദ്ദീനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.

കൊല്ലപ്പെട്ട എബിവിപിക്കാരന്‍ ശ്യാമപ്രസാദിനെതിരേ നേരത്തെ പല കേസുകളുമുണ്ടായിരുന്നു. ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ ഒനിയന്‍ പ്രേമന്‍ വധക്കേസില്‍ രണ്ടാം പ്രതിയാണ്. ആ കേസില്‍ എബിവിപിക്കാരനെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്‌തെങ്കിലും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ യുഎപിഎ ഒഴിവാക്കി ജാമ്യത്തിന് വഴിയൊരുക്കി. 2016 ഏപ്രില്‍ 18നു ഇറക്കിയ ഉത്തരവിലാണ് ആര്‍എസ്എസ്സിന്റെ ആവശ്യപ്രകാരം പ്രേമന്‍ വധക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ യുഎപിഎ ഒഴിവാക്കിയത്.

ഇ കെ സമസ്തയുടെ അഫിലിയേഷനില്‍, കാല്‍ നൂറ്റാണ്ടുകളായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കണ്ണവം ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സിനോട് കാലങ്ങളായി ആര്‍എസ്എസ് കൊണ്ടുനടക്കുന്ന അസഹിഷ്ണുതയും സയ്യിദ് സ്വലാഹുദ്ദീന്‍ വധത്തിന് പ്രേരണയായിട്ടുണ്ടെന്നാണ് പുറത്തു വന്ന സൂചനകള്‍.

സയ്യിദ് സ്വലാഹുദ്ദീനെതിരേ ആര്‍എസ്എസിന്റെ പരസ്യ വധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫഌക്‌സിന്റെ ചിത്രവും പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട സലാഹുദ്ദീന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള വലിയ ഫഌക്‌സ് കണ്ണവത്ത് പൊതുവഴി വക്കിലാണ് വച്ചിരുന്നത്.

ശിവജി വോയ്‌സ് എന്ന പേരിലായിയുന്നു പരസ്യമായ കൊലവിളി. എന്നാല്‍, ഇതിനെതിരേ പോലിസ് നടപടിയൊന്നുമെടുക്കാത്തത് ആര്‍എസ്എസ് കൊലയാളികള്‍ക്ക് സഹായകമായി.

Next Story

RELATED STORIES

Share it