Sub Lead

​ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ കേസിലെ പ്രതി 'ആനപ്പുറത്തേറി' ഡിവൈഎഫ്ഐ പരിപാടിയിൽ; പാർട്ടി നടപടി വാക്കിൽ മാത്രം

ഗാന്ധി പ്രതിമ തകർത്തത് സാമൂഹിക വിരുദ്ധരായിരുന്നു എന്നാണ് സിപിഎം ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നത്.

​ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ കേസിലെ പ്രതി ആനപ്പുറത്തേറി ഡിവൈഎഫ്ഐ പരിപാടിയിൽ; പാർട്ടി നടപടി വാക്കിൽ മാത്രം
X

പയ്യന്നൂർ: പയ്യന്നൂരിൽ ​ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ കേസിലെ പ്രതി ആനപ്പുറത്തേറി ഡിവൈഎഫ്ഐ പരിപാടിയിൽ. കേസിൽ ഒരു മാസത്തോളം ജയിലിലായിരുന്ന ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റി അം​ഗം അഖിൽ എം വിയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥാ സ്വീകരണത്തിൽ പങ്കെടുത്തത്. ജുലയ് 29 നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണമൊരുക്കിയത്.

​ഗാന്ധി പ്രതിമ തകർത്തത് സാമൂഹിക വിരുദ്ധരായിരുന്നു എന്നാണ് സിപിഎം ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നത്. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സിപിഎം പറഞ്ഞിരുന്നു. എന്നാൽ അഖിൽ കേസിൽ ജാമ്യത്തിലിറങ്ങിയത് സംസ്ഥാന ജാഥാ സ്വീകരണത്തിന് ദിവസങ്ങൾക്ക് മുമ്പാണ്. പാർട്ടി അറിവോടെയാണ് ​ഗാന്ധി പ്രതിമ തകർത്തതെന്ന കോൺ​ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് ജാഥാ സ്വീകരണത്തിലെ അഖിലിന്റെ ആനപ്പുറത്തേറൽ.


ഇതിനെതിരേ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വിമർശനമുയരുന്നുണ്ട്. നേരത്തേ കേരള സാമൂഹികവിരുദ്ധ പ്രവർത്തന നിരോധന നിയമം (കാപ്പ) ചുമത്തപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇപ്പോൾ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായ വ്യക്തിയാണ് അഖിലിനെ സംരക്ഷിക്കുന്നതെന്നാണ് പ്രവർത്തകരിൽ നിന്ന് ഉയരുന്ന വിമർശനം. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് പയ്യന്നൂരിലെ പാർട്ടി നേതൃത്വം തുടരുന്നതിൽ അണികൾക്കിടയിൽ അമർഷമുണ്ട്.

ജൂൺ 13ന് രാത്രിയാണ് കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു, ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിന് പിന്നലെ കണ്ടാലറിയാവുന്ന 15 പേർക്കെതിരേ പോലിസ് കേസെടുത്തിരുന്നു. എന്നാൽ രണ്ട് പേരെ മാത്രമാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇപ്പോഴും അന്വേഷണം തുടരുകയാണെന്നാണ് പയ്യന്നൂർ പോലിസിന്റെ ഭാഷ്യം.

പ്രതികൾ സിപിഎം പ്രവർത്തകരായതിനാലാണ് പോലിസ് നടപടി ഉണ്ടാകാത്തത് എന്നും ആരോപണമുണ്ട്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്തത് സിപിഎം-പോലിസ് നാടകമാണെന്ന് കോൺ​ഗ്രസ് പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് വി സി നാരായണൻ വിമർശിച്ചിരുന്നു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രദേശവാസികളിൽ നിന്നും, കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ലഭിച്ചിട്ടും പോലിസ് ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.

Next Story

RELATED STORIES

Share it