Sub Lead

പോക്‌സോ കേസില്‍ റോയ് വയലാട്ടടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍

2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

പോക്‌സോ കേസില്‍ റോയ് വയലാട്ടടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരെത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാന്‍ ആണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നു ചൂണ്ടികാട്ടിയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.

മോഡലുകളുടെ അപകടമരണക്കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഒരു പോലിസ് ഉദ്യോഗസ്ഥനും ഇതിനു പിന്നില്‍ ഉണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കൊച്ചിയിലെ നമ്പര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണ്. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച് അറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച് ഒളിവിലുള്ള പ്രതി അഞ്ജലി രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം.

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളില്‍ ഒരാളായ അഞ്ജലി തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്.

എന്നാല്‍ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലിസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിന്‍വലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നല്‍കിയ പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നും ഇവര്‍ മൊഴി നല്‍കി.

റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാര്‍ മൊഴി നല്‍കി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്.

Next Story

RELATED STORIES

Share it