Sub Lead

'ആ പ്രസ്താവന തിരുത്തണം'; പൂഞ്ഞാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാന്തപുരം വിഭാഗം മുഖപത്രം

ആ പ്രസ്താവന തിരുത്തണം; പൂഞ്ഞാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാന്തപുരം വിഭാഗം മുഖപത്രം
X
കോഴിക്കോട്: ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷത്തിനിടെ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി കോംപൗണ്ടിലുണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കാന്തപുരം വിഭാഗം മുഖപത്രവും. സിപിഎമ്മുമായി അടുത്തുനില്‍ക്കുന്ന കാന്തപുരം വിഭാഗം സുന്നികളുടെ മുഖപത്രമായ സിറാജിലാണ് എഡിറ്റോറിയലിലൂടെ വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും വര്‍ഗീയ അജന്‍ഡകള്‍ പുറത്തെടുക്കാന്‍ കഴിയാത്തവിധം സംഘപരിവാറിനെ മൂലയ്ക്കിരുത്താന്‍ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത്-ഐക്യ മുന്നണികളെന്നും അതുകൊണ്ട് തന്നെ നേതാക്കളുടെ ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാവണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. കുട്ടികളെ ഗുണദോഷിച്ചോ ശാസിച്ചോ വിട്ടുകളയാമായിരുന്ന സംഭവത്തെ ചിലര്‍ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗിക്കുകയായിരുന്നു.


അങ്ങേയറ്റം ഒരു ബൈക്ക് ആക്‌സിഡന്റ് ആയി രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള കേസായിരുന്നു അത്. പക്ഷേ, കുട്ടികളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം വധശ്രമമാണ്. 27 വിദ്യാര്‍ഥികളാണ് ജയിലില്‍ പോയത്. കോടതി പിന്നീട് ജാമ്യം കൊടുത്തെങ്കിലും കുട്ടികള്‍ക്ക് ഒരു പരീക്ഷ നഷ്ടമായി. മനപ്പൂര്‍വമല്ലാത്ത ഒരപകടക്കേസ് വധശ്രമമായി മാറുന്നത് പി സി ജോര്‍ജ് ഇടപെട്ടതോടെയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ വൈകുന്നേരം പള്ളിമണിയടിച്ച് ക്രൈസ്തവ വിശ്വാസികളെ വിളിച്ചുവരുത്തി മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടാനുള്ള നീക്കമാണ് നടന്നത്. ഷൂട്ടിങിന് വേണ്ടി എല്ലാ മതവിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. പക്ഷേ, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മുസ്‌ലിം കുട്ടികളെ മാത്രം പ്രതിചേര്‍ത്തു കൊണ്ടാണ്. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ അന്ന് വൈകുന്നേരം സ്ഥലത്തെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശിഹാബിനെ സംഘം ചേര്‍ന്ന് അക്രമിച്ചവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. പോലിസ് ഇക്കാര്യത്തില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടിനെ ശരിവയ്ക്കുന്ന പ്രതികരണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.


ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും പറഞ്ഞത് സംഭവത്തില്‍ എല്ലാ മതവിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ്. പക്ഷേ, പോലീസ് രേഖകളില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് കുറ്റക്കാര്‍. ഇതൊരു മുസ്‌ലിം, ക്രൈസ്തവ സംഘര്‍ഷമാക്കി മാറ്റാനുള്ള ചിലരുടെ ആഗ്രഹങ്ങള്‍ക്ക് പോലിസ് കുടപിടിക്കുകയായിരുന്നു. കാസ പോലുള്ള സംഘടനകള്‍ക്ക് സമൂഹ മാധ്യങ്ങളിലൂടെ വിദ്വേഷ, വിഷ പ്രചാരണങ്ങള്‍ നടത്താന്‍ വഴിയൊരുക്കിയത് പോലീസിന്റെ നിലപാടാണ്. ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെയും തീവ്ര സ്വഭാവമുള്ള സംഘടനകളുടെയും താല്‍പര്യങ്ങള്‍ക്ക് പോലിസ് വശംവദരാകരുതായിരുന്നു. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയായിപ്പോയി. വിവരങ്ങള്‍ക്ക് അദ്ദേഹം ആശ്രയിച്ചത് ഈരാറ്റുപേട്ട പോലീസിനെയാകണം. കുറ്റകൃത്യങ്ങള്‍ക്ക് മതഛായ നല്‍കുന്നത് നാടിനെ അരക്ഷിതമാക്കും. കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിക്കൂടാ.


പാലാ ബിഷപ്പിന്റെ 2021ലെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന വസ്തുതാപരമല്ലെന്ന് കണക്കുകള്‍ നിരത്തി സമര്‍ഥിച്ചിട്ടുണ്ട് മുഖ്യമന്ത്രി. കുറ്റകൃത്യങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിറം പകരാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ആ നിലപാടിനൊപ്പമായിരുന്നു കേരളം. ദിവസങ്ങള്‍ നീറിനിന്ന ആ വിവാദം കെട്ടടങ്ങുന്നത് അതോടെയാണ്. നാട്ടില്‍ നടക്കുന്ന ഓരോ കുറ്റകൃത്യത്തെയും മതമാപിനി ഉപയോഗിച്ച് അളന്നുതുടങ്ങിയാല്‍ ഈ നാടിന്റെ ഗതിയെന്താകും? എന്ന് അന്ന് പാലാ ബിഷപ്പിനെ ഓര്‍മിപ്പിച്ചയാളാണ് കേരള മുഖ്യമന്ത്രി. ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പ്രവേശിക്കുകയാണ്. എങ്ങനെയും അധികാരം നിലനിര്‍ത്തുക എന്ന അജന്‍ഡയുമായി സംഘ്പരിവാറും ബി ജെ പിയും രംഗത്തുണ്ട്. മോദി വാഴ്ചക്ക് അറുതിവരുത്തി രാജ്യത്തെ വീണ്ടെടുക്കുക എന്ന ആശയവുമായി 'ഇന്ത്യ' മുന്നണിയും കളത്തിലുണ്ട്. വര്‍ഗീയ ധ്രുവീകരണമാണ് സംഘ്പരിവാറിന്റെ തുറുപ്പ് ചീട്ട്. മനുഷ്യസൗഹൃദമാണ് 'ഇന്ത്യ' മുന്നണി മുന്നോട്ടുവെക്കുന്ന ബദല്‍. അതിന് ശക്തിപകരേണ്ടവരാണ് കേരളത്തിലെ ഐക്യ മുന്നണിയും ഇടത് മുന്നണിയും. അതിനെ തുരങ്കം വെക്കുന്ന ശ്രമങ്ങള്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെങ്കില്‍ അത് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് പകരം പോലീസ് ഭാഷ്യങ്ങള്‍ അതേപടി സ്വീകരിച്ച് സര്‍ക്കാര്‍ നിലപാടായി അവതരിപ്പിക്കുന്നത് പി സി ജോര്‍ജുമാരെ രാഷ്ട്രീയമായി ബലപ്പെടുത്തുകയേ ഉള്ളൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താത്കാലിക നേട്ടം പോലും അതുകൊണ്ടുണ്ടാവില്ല-'സിറാജ്' ഓര്‍മിപ്പിക്കുന്നു.


ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുമായുള്ള സംസാരത്തിനിടെ നടത്തിയ പ്രസ്തുത പ്രസ്താവന മുഖ്യമന്ത്രി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന വാചകത്തോടെയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്. നേരത്തേ സമസ്ത മുഖപത്രമായ സുപ്രഭാതവും മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it