Sub Lead

ഇക്വഡോര്‍ ജയിലില്‍ ഏറ്റുമുട്ടല്‍; 116 തടവുകാര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്

ഇക്വഡോര്‍ ജയിലില്‍ ഏറ്റുമുട്ടല്‍; 116 തടവുകാര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്
X

ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലില്‍ ചൊവ്വാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ബോംബും തോക്കും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 80 ഓളം തടവുകാര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ജയില്‍ സംഘര്‍ഷമാണിതെന്ന് അധികൃതര്‍ പ്രതികരിച്ചു. നാനൂറോളും പോലിസുകാരും സൈന്യവും ചേര്‍ന്ന് ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു.


സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജയിലുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ജയിലുകളിലും 60 ദിവസത്തേക്ക് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു- ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലസ്സോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പ്രതികരിച്ചു. ജയിലുകള്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമായി മാറിയതില്‍ ഖേദിക്കുന്നു. ഇതിനെ നേരിടാനുള്ള ഞങ്ങളുടെ ആദ്യപടിയാണ് രാജ്യത്തെ ജയിലുകളിലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നത്.


ഏതാനും മാസങ്ങളായി ജയിലുകളിലെ തുടര്‍ച്ചയായ അക്രമങ്ങള്‍ കാരണം സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സാങ്കേതികവിദ്യയിലും കാര്യമായ നിക്ഷേപം നടത്തുകയാണ്. ഈ പദ്ധതി ജയിലുകളിലെ നിയന്ത്രണം ശക്തിപ്പെടുത്തും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവുകാര്‍ ഗ്രനേഡുകള്‍ എറിഞ്ഞതായി പോലിസ് കമാന്‍ഡര്‍ ഫസ്‌റ്റോ ബ്യുണാനോ പറഞ്ഞു. അന്തര്‍ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെയാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആസൂത്രിതമായ ആക്രമണമാണോ നടന്നതെന്നതില്‍ അന്വേഷണം തുടങ്ങി.

ഇക്വഡോറില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലിലെ സ്ഥിതി ഭയാനകമാണെന്ന് ജയില്‍ സര്‍വീസ് ഡയറക്ടര്‍ ബൊളിവര്‍ ഗാര്‍സണ്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 79 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ആയുധങ്ങളും ഗ്രനേഡുകളും കൈക്കലാക്കിയ തടവുകാര്‍ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇതിനിടെ ജയിലിലുള്ള തടവുകാരുടെ കുടുംബാംഗങ്ങള്‍ ജയില്‍പരിസരത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it