Sub Lead

പ്രളയ ദുരിതാശ്വാസം: സംസ്ഥാനത്തെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ടി എം തോമസ് ഐസക്

2018ലെ മഹാപ്രളയത്തെതുടര്‍ന്ന് അനുവദിച്ച തുക ചെലവഴിച്ചിട്ടില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്. തലയെണ്ണി പണം വിതരണം ചെയ്യുന്നതല്ല രീതി. ടി എം തോമസ് ഐസക് പറഞ്ഞു.

പ്രളയ ദുരിതാശ്വാസം:   സംസ്ഥാനത്തെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ടി എം തോമസ് ഐസക്
X

തിരുവനന്തപുരം: കണക്കിന്റെ പേരുപറഞ്ഞ് കേരളത്തിന് പ്രളയദുരിതാശ്വാസ സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അന്യായമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളില്‍ സംഭവിച്ച മഹാപ്രളയത്തിന്റെ ദുരിതമനുഭവിക്കുകയാണ് കേരളം. എന്നാല്‍, സാമ്പത്തികവര്‍ഷാവസാനത്തില്‍ സംസ്ഥാനത്തെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഇതിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

2018ലെ മഹാപ്രളയത്തെതുടര്‍ന്ന് അനുവദിച്ച തുക ചെലവഴിച്ചിട്ടില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്. തലയെണ്ണി പണം വിതരണം ചെയ്യുന്നതല്ല രീതി. വീടുകളുടെ പുനര്‍നിര്‍മാണമാണ് പ്രധാന പദ്ധതികളിലൊന്ന്. ഇതില്‍ ആദ്യരണ്ടുഗഡു വിതരണംചെയ്തു. ബാക്കി രണ്ടുഘട്ടം പൂര്‍ത്തിയാക്കുമ്പോഴാണ് ശേഷിക്കുന്ന തുക ചെലവാകുക.

റോഡുകള്‍ അടക്കമുള്ളവയുടെ പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്. ഇവ പൂര്‍ത്തീകരിച്ച് ബില്‍ ലഭ്യമാകുന്ന മുറയ്ക്കാണ് തുക ചെലവാകുന്നത് രേഖകളില്‍ വരുന്നത്. തുക മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കാറുമില്ല. കേന്ദ്രമാനദണ്ഡങ്ങളും സംസ്ഥാനത്തിന് അനുയോജ്യമല്ല.

തകര്‍ന്ന വീടിന് നാലുലക്ഷം രൂപയാണ് സംസ്ഥാനത്ത് നല്‍കുന്നത്. കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷം രൂപയും. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ്. റോഡ് പുനരുദ്ധാരണത്തിന് ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം തരുന്നത്. അനിവാര്യമായ കാലതാമസംമാത്രമേ ഉണ്ടാകുന്നുള്ളൂ.

തുക അനുവദിച്ചശേഷം ചെലവ് കണക്ക് ലഭ്യമാക്കുന്നതിനനുസരിച്ച് പണം അനുവദിക്കുന്ന നിലപാടും കേന്ദ്രത്തിന് സ്വീകരിക്കാമായിരുന്നു. ആദ്യപ്രളയത്തിന് ലഭിച്ച തുക ഉപയോഗിച്ച് ഭരണാനുമതി നല്‍കിയവയുടെ നിര്‍വഹണം പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ നാശനഷ്ടം പരിഹരിക്കുന്നതിന് രണ്ടായിരം കോടിയോളം രൂപയുടെ സഹായം ആവശ്യപ്പെട്ടുള്ള കണക്കാണ് സമര്‍പ്പിച്ചത്.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക ലഭ്യമാക്കുന്നതില്‍ കേന്ദ്രം കടുത്ത പ്രതികാരബുദ്ധിയാണ് സ്വീകരിക്കുന്നത്. നെല്ല് സംഭരിച്ചതിനുള്ള 1000 കോടിയില്‍പരം രൂപയുടെ സബ്‌സിഡി തന്നിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ 1300 കോടിയുടെ കൂലി കുടിശ്ശികയെകുറിച്ച് മിണ്ടാട്ടമില്ല. ജിഎസ്ടി നഷ്ടപരിഹാരത്തില്‍ ഡിസംബറില്‍ ലഭിക്കേണ്ട 1600 കോടി തന്നിട്ടില്ല. കടമെടുക്കാനുള്ള അവകാശത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ് വരുത്തിയതായും ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

Next Story

RELATED STORIES

Share it