Sub Lead

വടകര കസ്റ്റഡി മരണം: നടപടി നേരിട്ട പോലിസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്.

വടകര കസ്റ്റഡി മരണം: നടപടി നേരിട്ട പോലിസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
X

കോഴിക്കോട്: വടകര പോലിസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം. സസ്പെൻഷനിലായ എസ്ഐ എം നിജേഷ്, എഎസ്ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്ന് മുമ്പിൽ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്.

ഇന്ന് ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയും. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിലവിൽ നിർദേശം നൽകിയത്. ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപോർട്ട് ലഭിച്ച ശേഷം പോലിസ് സർജൻറെ മൊഴി എടുത്താൽ മതിയെന്ന നിലപാടിലാണ് അന്വേഷണം സംഘം.

പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തിൽ വടകര പോലിസ് സ്റ്റേഷനിലെ എല്ലാ പോലിസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. രണ്ട് പോലിസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിൻറെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. 28 പേർക്കാണ് സ്ഥലം മാറ്റം. പകരക്കാർ അടക്കം 56 പേർക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

വടകരയിൽ പോലിസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിൽസ നൽകുന്നതിൽ ഗുരുതര വീഴ്ച പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലിസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപോർട്ടിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവിൽ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ പോലിസെത്തി. സജീവൻ സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവൻറെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരിൽ സബ് ഇൻസ്പെകർ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.

മർദനമേറ്റതിന് പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞു. എന്നാൽ പോലിസുകാർ അത് കാര്യമാക്കിയില്ല. 45 മിനുട്ടിന് സ്റ്റേഷനിലെ നടപടികൾ പൂർത്തിയായതിന് പിന്നാലെ പോലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പോലിസുകാരുടെ ഉൾപ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Next Story

RELATED STORIES

Share it