Sub Lead

കാരായിമാര്‍ക്കു നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളി: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കൊലയാളികളെ മഹത്വവത്കരിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഇതാദ്യത്തെ സംഭവമല്ല.

കാരായിമാര്‍ക്കു നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളി: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്
X

കണ്ണൂര്‍: ഫസല്‍വധക്കേസില്‍ കുറ്റവാളികളെന്ന് പുനരന്വേഷണത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടും കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.

കൊലയാളികളെ മഹത്വവത്കരിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഇതാദ്യത്തെ സംഭവമല്ല. കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ കാലപ്പെടുത്തിയ കേസിലെ പ്രതികളെ രക്തഹാരണിയിച്ച് സ്വീകരിച്ചാനയിച്ചതും ഷുഹൈബിന്റെ കൊലപാതകത്തിനു നേതൃത്വം നല്‍കിയ ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന് എകെജി സെന്ററില്‍ അഭയം നല്‍കിയതും സിപിഎമ്മാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട കൊടുംക്രിമനലുകളുടെ കല്യാണം നടത്തിക്കൊടുക്കാന്‍ പോലും സിപിഎം നേതാക്കള്‍ മുന്‍കൈയെടുത്തു. ജയിലില്‍ കഴിയുന്ന സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് ജയിലില്‍ പുറത്തുള്ളതിനേക്കാള്‍ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്.

ഫസല്‍ വധക്കേസില്‍ നിരപരാധികളെന്ന് കോടതി വിധിച്ചതു പോലെയാണ് കാരായിമാര്‍ക്ക് സിപിഎം സ്വീകരണമൊരുക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനുള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഫസല്‍ വധക്കേസില്‍ കേരള പോലിസും പിന്നീട് സിബിഐയും സിപിഎമ്മുകാരാണ് കൊലയാളികളെന്ന് കണ്ടെത്തിയതാണ്. പിന്നീട് കുപ്പി സുബീഷെന്ന ആര്‍എസ്എസിന്റെ ക്രിമിനലിനെ ഉപയോഗിച്ച് കുറ്റം ഏറ്റെടുപ്പിച്ച് നിലവില്‍ പ്രതിസ്ഥാനത്തുള്ള സിപിഎമ്മുകാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. സിപിഎമ്മിന്റെ ഉന്നതനേതൃത്വത്തിന്റെ അറിവോടെ നടന്ന ആസൂത്രണത്തില്‍ ചില പോലിസുദ്യോഗസ്ഥരും ഉള്‍പ്പെട്ടതായാണ് സൂചന.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ നടത്തിയ പുനരന്വേഷണത്തിലും കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിനു പിന്നിലെന്നും കാരായിമാര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്.

ഇത്തരത്തില്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയവരെയാണ് വീരപുരുഷന്മാരായി സിപിഎം സ്വീകരിച്ചാനയിച്ചത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് കാരായിമാര്‍ക്ക് സിപിഎം സ്വീകരണമൊരുക്കിയത്. മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടം സംഘടിപ്പിച്ചാല്‍ അപ്പോള്‍ തന്നെ കേസെടുക്കുന്ന പോലിസ് കാരായിമാര്‍ക്ക് നല്‍കിയ സ്വീകരണത്തിലെ കൊവിഡ് ചട്ടലംഘനം കാണാതിരിക്കുന്നത് ഭരിക്കുന്നവരോടുള്ള അമിതവിധേയത്വമാണ്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് ജില്ലാ പോലിസ് മേധാവിയെ ഓര്‍മ്മിപ്പിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് ആദ്യം നിയമം ബാധകമാക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it