Sub Lead

'അവര്‍ വെറുപ്പ് നിറയ്ക്കുകയാണ്, അവരോട് പൊറുക്കുക'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

അവര്‍ വെറുപ്പ് നിറയ്ക്കുകയാണ്, അവരോട് പൊറുക്കുക;  മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് മല്‍സരത്തിലെ നിരാശാജനകമായ തോല്‍വിക്കുപിന്നാലെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഹമ്മദ് ഷമിയുടെ മുസ് ലിം ഐഡന്റിറ്റി ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടേയാണ് രുഹാലിന്റെ പ്രതികരണം.

അവര്‍ വെറുപ്പ് നിറയ്ക്കുകയാണെന്നും അവര്‍ക്ക് സ്‌നേഹം എന്താണെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'മുഹമ്മദ് ഷമി, ഞങ്ങളെല്ലാം നിങ്ങളോടപ്പമുണ്ട്. അവര്‍ വെറുപ്പ് നിറയ്ക്കുകയാണ്. കാരണം അവര്‍ക്ക് ആരും സ്‌നേഹം നല്‍കിയിട്ടില്ല. അവര്‍ക്ക് പൊറുത്ത് കൊടുക്കുക'. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മുഹമ്മദ് ഷമിയുടെ ദേശ സ്‌നേഹത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഹിന്ദുത്വ പ്രൊഫലൈകളില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത്. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, വിരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

ഷമിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നുവെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 'ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ തൊപ്പിയണിയുന്നവന്‍ ആരായാലും അവരുടെ ഹൃദയത്തില്‍ ഇന്ത്യ എന്നൊരു വികാരം മാത്രമേ ഉണ്ടാവൂ. ഇത് സൈബറിടത്തെ ആക്രമണവാസനയുള്ള ജനക്കൂട്ടത്തേക്കാള്‍ മുകളിലാണ്. അദ്ദേഹം ഒരു ജേതാവാണ്. ഷമിക്കൊപ്പം'എന്നാണ് വിരേന്ദര്‍ ട്വീറ്റ് ചെയ്തത്.

വ്യക്തിത്വമില്ലാത്തവരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.

മുമ്പ് കോലം കത്തിച്ചവരും കളിക്കാരുടെ വീടുകളിലേക്ക് കല്ലെറിഞ്ഞവരുമാണ് പുതിയ രൂപത്തില്‍. മുഖമില്ലാത്ത ഓണ്‍ലൈന്‍ പ്രൊഫൈലില്‍ നിന്നാണ് സൈബര്‍ ആക്രമണം. പ്രൊഫൈല്‍ ചിത്രം ഇടാന്‍ പോലും യോഗ്യതയില്ലാത്തവരാണ് ഇതിന് മുതിരുന്നതെന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

നേരത്തെ ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തുവന്നിരുന്നു. ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇര്‍ഫാന്‍ പത്താനും ഷമിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി താനും ഇന്ത്യ പാക് മത്സരത്തിന്റെ ഭാഗമായിരുന്നെന്നും അന്നും തോറ്റിട്ടുണ്ടെന്നും, അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞിട്ടല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it