Sub Lead

ഇസ്രായേല്‍-യുഎഇ വിവാദ ധാരണ: പാകിസ്താനില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

തലസ്ഥാനമായ ഇസ്‌ലാമാബാദ്, തുറമുഖ നഗരമായ കറാച്ചി, വടക്കുകിഴക്കന്‍ നഗരമായ ലാഹോര്‍, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ, ഫൈസലാബാദ്, മുള്‍ത്താന്‍, ഹൈദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും റാലികള്‍ നടന്നു.

ഇസ്രായേല്‍-യുഎഇ വിവാദ ധാരണ: പാകിസ്താനില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി
X

ഇസ്‌ലാമാബാദ്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഇസ്രായേലുമായി അടുത്തിടെയുണ്ടാക്കിയ വിവാദ ധാരണയില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇരു രാജ്യങ്ങളുടേയും എംബസികള്‍ അതാത് രാജ്യങ്ങളില്‍ തുറക്കുന്നതുള്‍പ്പെടെ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഉദ്ദേശിച്ചുള്ള കരാറിനെതിരേയാണ് പ്രതിഷേധം അലയടിച്ചത്.

തലസ്ഥാനമായ ഇസ്‌ലാമാബാദ്, തുറമുഖ നഗരമായ കറാച്ചി, വടക്കുകിഴക്കന്‍ നഗരമായ ലാഹോര്‍, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ, ഫൈസലാബാദ്, മുള്‍ത്താന്‍, ഹൈദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും റാലികള്‍ നടന്നു.

റാവല്‍പിണ്ടിയില്‍ ജമാഅത്തെ ഇസ്‌ലാമി (ജെഐ) പാര്‍ട്ടി അധ്യക്ഷന്‍ സിറാജുല്‍ ഹഖിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ റാലി നടത്തി. ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കുന്നതിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി ജമാഅത്തെ ഇസ്‌ലാമി ഇന്നലെ 'ഫലസ്തീന്‍ ദിനമായി' ആചരിച്ചിരുന്നു.

ഡൗണ്‍ വിത്ത് ഇസ്രായേല്‍, യുഎസ് സമ്മര്‍ദ്ദത്താലുള്ള യുഎഇ - ഇസ്രായേല്‍ കരാര്‍ അംഗീകരിക്കാനാവില്ല, 'പാകിസ്താനികള്‍ പലസ്തീനികളോടൊപ്പം നില്‍ക്കുന്നു', തുടങ്ങിയ മുദ്രാവാക്യങ്ങടങ്ങിയ

ബാനറുകളും പ്ലക്കാര്‍ഡുകളും വഹിച്ചാണ് റാലി ആരംഭിച്ച ചരിത്രപ്രസിദ്ധമായ ലിയാഖത്ത് പാര്‍ക്കില്‍ ആയിരങ്ങള്‍ അണിനിരന്നത്. അറബികളുടെ മാത്രമല്ല ഫലസ്തീന്‍ മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും പ്രശ്‌നമാണെന്ന് റാലിയെ അഭിസംബോധന ചെയ്ത് ഹഖ് പറഞ്ഞു.

'ഫലസ്തീന്‍ പലസ്തീനികളുടെ നാടാണ്, ഒരു കരാറിനും ഒരു പിന്‍വാങ്ങലിനും അവരുടെ മൗലികാവകാശത്തെ കവര്‍ന്നെടുക്കാന്‍ ആവില്ല. 70 വര്‍ഷത്തിലേറെയായി ഫലസ്തീനികള്‍ തങ്ങളുടെ ഭൂമിക്കുവേണ്ടി പോരാടുകയാണ്. പക്ഷെ ഇക്കഴിഞ്ഞ ആഗസ്ത് 13 വരെ യുഎഇ ചെയ്തതുപോലെ ഒരു രാജ്യവും അവരെ അപമാനിച്ചിട്ടില്ല. ചില മുസ് ലിം സര്‍ക്കാരുകള്‍ അത് അംഗീകരിച്ചാലും മുസ് ലിം ലോകം മുഴുവന്‍ ഈ ഇടപാടിനെ എതിര്‍ക്കുന്നു-സിറാജുല്‍ ഹഖ് വ്യക്തമാക്കി. ഏറ്റവും പുതിയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് സഹകരണ സംഘത്തിന്റെ (ഒ.ഐ.സി) അടിയന്തര യോഗം വിളിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

കരാറിനെ അപലപിച്ച് കറാച്ചി പ്രസ് ക്ലബിന് പുറത്ത് നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.

ഈ കരാര്‍ മുസ്‌ലിം ഐക്യത്തിന് വലിയ തിരിച്ചടിയാണെന്നും ഫലസ്തീനികളെ പിന്നില്‍നിന്നു കുത്തുന്നതാണെന്നും ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹാഫിസ് നെയ്മൂര്‍ റഹ്മാന്‍ പറഞ്ഞു.വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്‌വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍ചരിത്രപ്രസിദ്ധമായ മഹാബത് ഖാന്‍ പള്ളിയില്‍ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചുകൂടുകയും യാദ്ഗര്‍ ചൗക്കിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

ഇസ്രായേലുമായി ധാരണയിലെത്തുന്ന മൂന്നാമത്തെ അറബ് രാജ്യവും ആദ്യ ഗള്‍ഫ് രാഷ്ട്രവുമാണ് യുഎഇ. ചിലര്‍ കരാറിനെതിരേ സ്വാഗതം ചെയ്തപ്പോള്‍ ഫലസ്തീന്‍, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട വന്നിരുന്നു.

Next Story

RELATED STORIES

Share it