Sub Lead

പ്രവാചക നിന്ദ: ടൈംസ് നൗ അവതാരക നവിക കുമാറിനെതിരേയും കേസ്

പ്രവാചക നിന്ദ: ടൈംസ് നൗ അവതാരക നവിക കുമാറിനെതിരേയും കേസ്
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്താനിടയായ ചര്‍ച്ച നയിച്ച ഇംഗ്ലീഷ് ചാനലായ ടൈംസ് നൗവിലെ അവതാരകയായ നവിക കുമാറിനെതിരേയും പോലിസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള എഫ്‌ഐആറിലെ പ്രതിപ്പട്ടികയിലാണ് നവിക കുമാറിന്റെ പേരും ഉള്‍പ്പെടുത്തിയത്. നുപര്‍ ശര്‍മ പ്രവാചക നിന്ദ പരാമര്‍ശം നടത്തി മൂന്നാഴ്ചയ്ക്കുശേഷമാണ് ചാനല്‍ അവതാരകയ്‌ക്കെതിരേ കേസെടുത്തത്. ഒരു മുസ്‌ലിം പുരോഹിതന്‍ നല്‍കിയ പരാതിയില്‍ മഹാരാഷ്ട്രയിലെ പര്‍ഭാനിയിലെ നാനല്‍പേട്ട് പോലിസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറിലാണ് ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പേരുള്ളത്.

നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം അംഗീകരിക്കുന്നില്ലെന്നാണ് ടൈംസ് നൗ അവകാശപ്പെട്ടിരുന്നത്. തങ്ങളുടെ സംവാദങ്ങളില്‍ പങ്കെടുക്കുന്നവരോട് സംയമനം പാലിക്കാനും സഹ പാനലിസ്റ്റുകള്‍ക്കെതിരേ മോശം ഭാഷയില്‍ ഏര്‍പ്പെടാതിരിക്കാനും അഭ്യര്‍ഥിക്കാറുണ്ട്- ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, നവിക കുമാര്‍ ഇത്തരം 'സംവാദങ്ങള്‍' നടത്തിയതിന് മുമ്പും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വിഷകരമായ ശബ്ദങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിന് ടൈംസ് നൗ പോലുള്ള ടിവി ചാനലുകള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും രംഗത്തുവന്നിട്ടുണ്ട്. മുമ്പ് കങ്കണ റാവത്ത് ടൈംസ് നൗ ചാനലില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.

അന്നും നവികയാണ് ചര്‍ച്ച നയിച്ചിരുന്നത്. 16 വര്‍ഷത്തിലേറെയി ടൈംസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായുള്ള നവിക കുമാര്‍ ടൈംസ് നൗ ചാനലിന്റെ രാഷ്ട്രീയനയ ചുമതലയുള്ള ഗ്രൂപ്പ് എഡിറ്ററാണ്. ചാനലിനു പുറമെ ടൈംസ് നൗ ന്യൂസ് ഡോട്ട് കോം, മിറര്‍ നൗ, ഇടി നൗ എന്നിവയുടെയും രാഷ്ട്രീയ റിപ്പോര്‍ട്ടിങ് നയം തീരുമാനിക്കുന്നത് അവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബിജെപി നേതൃത്വവുമായും അടുപ്പം സൂക്ഷിക്കുന്ന അവര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം, സിഎഎ വിരുദ്ധ സമരം തുടങ്ങിയവയില്‍ അവര്‍ ബിജെപിയുടെയും സര്‍ക്കാരിന്റെയും പക്ഷം ചേര്‍ന്നുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാണ്.

Next Story

RELATED STORIES

Share it