Sub Lead

അധ്യാപകരുടെ പേരെഴുതിവച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കി; കള്ളാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, നിരവധി വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)

സ്‌കൂള്‍ വളപ്പിലേക്ക് ബലംപ്രയോഗിച്ച് കടന്ന പ്രതിഷേധക്കാര്‍ നിരവധി സ്‌കൂള്‍ ബസ്സുകളും പോലിസ് വാഹനങ്ങളും കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിവന്ന സമരമാണ് അക്രമാസക്തമായത്.

അധ്യാപകരുടെ പേരെഴുതിവച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കി; കള്ളാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, നിരവധി വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)
X

കല്ലാക്കുറിച്ചി (തമിഴ്‌നാട്): പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് തമിഴ്‌നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി. സ്‌കൂള്‍ വളപ്പിലേക്ക് ബലംപ്രയോഗിച്ച് കടന്ന പ്രതിഷേധക്കാര്‍ നിരവധി സ്‌കൂള്‍ ബസ്സുകളും പോലിസ് വാഹനങ്ങളും കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിവന്ന സമരമാണ് അക്രമാസക്തമായത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സ്‌കൂള്‍വളപ്പിലേക്ക് പ്രവേശിച്ച സമരക്കാര്‍ സ്ഥാപനത്തിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം നിയന്ത്രിക്കാന്‍ കല്ലക്കുറിച്ചി പോലിസ് നേരിയ തോതില്‍ ബലം പ്രയോഗിച്ചു. പോലിസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ഡിഐജി എം പാണ്ഡ്യനടക്കം 20ലധികം പോലിസുകാര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചു.

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.


കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്ന് മുതല്‍ വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ സമരത്തിലാണ്.

റോഡ് ഉപരോധിച്ചും മറ്റും തുടര്‍ന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്.

സ്‌കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. പോലിസുമായി സമരക്കാര്‍ ഏറ്റുമുട്ടി. പോലിസ് വാനും അഗ്‌നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ആകാശത്തേക്ക് വെടിവച്ചു.

നിരവധി സമരക്കാര്‍ക്കും ഇരുപതോളം പോലിസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നുകൂടി പോലിസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘര്‍ഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അധ്യാപകരെ പോലിസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

അതേസമയം അക്രമത്തില്‍ ഏര്‍പ്പെടരുതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമരക്കാരോട് അഭ്യര്‍ത്ഥിച്ചു. അക്രമത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി സി ശൈലേന്ദ്രബാബു വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി

Next Story

RELATED STORIES

Share it