Sub Lead

എകെജി സെന്റർ ബോംബാക്രമണം നടന്നിട്ട് ഒരു മാസം; നാണംകെട്ട് ആഭ്യന്തര വകുപ്പ്

കഴിഞ്ഞ മാസം 30 ന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ബോംബേറുണ്ടായത്.

എകെജി സെന്റർ ബോംബാക്രമണം നടന്നിട്ട് ഒരു മാസം; നാണംകെട്ട് ആഭ്യന്തര വകുപ്പ്
X

തിരുവനന്തപുരം: എകെജി സെന്‍റര്‍ ബോംബാക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുന്നു. വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തതിൽ നാണംകെട്ട് ആഭ്യന്തര മന്ത്രിയും വകുപ്പും. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

കഴിഞ്ഞ മാസം 30 ന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ബോംബേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം രാത്രി തന്നെ വൻ വിവാദമായി. സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ പ്രതിയാരെന്ന് വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പോലിസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി.

നഗരത്തിലെ ഉന്നത പോലിസ് ഉദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു.

ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പോലിസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴു പോലിസുകാരിൽ അഞ്ചുപേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. ആർക്കെതിരെയും നടപടിയില്ല. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവെന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പോലിസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.

ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പോലിസിനെും കൂടുതൽ വെട്ടിലാക്കുന്നു. സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പോലിസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

Next Story

RELATED STORIES

Share it