Sub Lead

അഴിമതിക്കാരെ സംരക്ഷിച്ച് ഉന്നത സിപിഐ നേതാവ്; മലപ്പുറത്ത് സിപിഐ തകർച്ചയിലേക്ക്

ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ പ്രതിയായ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിനെതിരേ പരാതി ഉന്നയിച്ച നിലമ്പൂരിൽ നിന്നുള്ള മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ പാർത്ഥസാരഥിയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

അഴിമതിക്കാരെ സംരക്ഷിച്ച് ഉന്നത സിപിഐ നേതാവ്; മലപ്പുറത്ത് സിപിഐ തകർച്ചയിലേക്ക്
X

മലപ്പുറം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനേ തുടർന്ന് മലപ്പുറം ജില്ലയിൽ സിപിഐ തകർച്ചയിലേക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഉന്നത സിപിഐ നേതാവാണ് അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. പൊന്നാനി, നിലമ്പൂർ, വണ്ടൂർ,ഏറനാട് മണ്ഡലങ്ങളിലാണ് വിമത നീക്കം ശക്തമായിരിക്കുന്നത്.

പൊന്നാനി മണ്ഡലത്തിൽ നിലവിൽ പ്രോഗ്രസീവ് ഫോറം എന്നപേരിൽ വിമത കൂട്ടായ്മ നേരത്തെ നിലവിൽ വന്നിരുന്നു. വിമത നീക്കം ശക്തമാക്കുന്നതിൻറെ ഭാഗമായി സമാന്തര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്ന പേരിൽ മത്സ്യത്തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊന്നാനി മോഡലിൽ നിലമ്പൂർ, വണ്ടൂർ,ഏറനാട് മണ്ഡലങ്ങളിലും സമാന്തര സംഘടനകൾ രൂപീകരിക്കാനാണ് നീക്കം.

വിമതരെ അനുനയിപ്പിക്കാനായി സെപ്തംബർ 24ന് യോഗം ചേർന്നെങ്കിലും ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ചർച്ചകൾക്ക് നേതൃത്വം നൽകിയത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ചാമുണ്ണിയും അഴിമതിക്ക് കുടപിടിക്കുന്ന ഉന്നത നേതാവുമായിരുന്നു. ചർച്ചകൾ വഴിമുട്ടാൻ കാരണവും ഇതാണെന്നാണ് വിമത വിഭാഗത്തിൻറെ അവകാശവാദം. ഈ ഉന്നത നേതാവിനെ സംരക്ഷിക്കുന്നത് കാനം രാജേന്ദ്രനാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ പ്രതിയായ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിനെതിരേ പരാതി ഉന്നയിച്ച നിലമ്പൂരിൽ നിന്നുള്ള മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ പാർത്ഥസാരഥിയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പാർത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പൊന്നാനിയിലെ വിമത വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്ന് ഈ വിഭാഗത്തിലെ നേതാക്കൾ വിട്ടുനിന്നിരുന്നു.

അതേസമയം ആദിവാസി ഫണ്ട് തട്ടിയ പരാതിയിൽ പിഎം ബഷീറിനെതിരേ പാപ്പാൾ നൽകിയ പരാതിയിലും അഗളി പോലിസ് കേസെടുത്തിട്ടുണ്ട്. വ്യത്യസ്ത പരാതിയിന്മേൽ ആദിവാസി പീഡന നിരോധന നിയമപ്രകാരം രണ്ട് കേസുകൾ പിഎം ബഷീറിനെതിരേ നിലവിലുണ്ട്. ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് പരാതി ഉന്നയിച്ചവരെ ജില്ലാ കമ്മറ്റിയിൽ നിന്ന് നീക്കിയതിന് പിന്നിൽ അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉന്നത നേതാവാണെന്നാണ് വിമത വിഭാഗം പറയുന്നത്. പിഎം ബഷീറും ഉന്നത നേതാവും അഴിമതി നടത്തുന്നതിലെ കൂട്ടുകച്ചവടക്കാരാണെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it