Sub Lead

എന്‍ഐഎ മുര്‍ഷിദാബാദില്‍ കണ്ടെത്തിയ 'തുരങ്കം' കക്കൂസ് കുഴിയെന്ന് വസ്തുതാന്വേഷണ സംഘം

'ഭീകര സംഘടനകളു'മായി ബന്ധമുണ്ടെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടിച്ചുകൊണ്ടുപോയ ആറു പേരുടെ വീടുകള്‍ സന്ദര്‍ശിച്ച് അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍) പ്രതിനിധി സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് എന്‍ഐഎ നടത്തിയ കള്ളപ്രചാരണത്തിന്റെ ചുരുളഴിച്ചത്.

എന്‍ഐഎ മുര്‍ഷിദാബാദില്‍ കണ്ടെത്തിയ തുരങ്കം കക്കൂസ് കുഴിയെന്ന് വസ്തുതാന്വേഷണ സംഘം
X

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത 'ഭീകരസംഘടനയിലെ' അംഗത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ' രഹസ്യ തുരങ്കം' കക്കൂസ് കുഴിയെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 'ഭീകര സംഘടനകളു'മായി ബന്ധമുണ്ടെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടിച്ചുകൊണ്ടുപോയ ആറു പേരുടെ വീടുകള്‍ സന്ദര്‍ശിച്ച് അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍) പ്രതിനിധി സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് എന്‍ഐഎ നടത്തിയ കള്ളപ്രചാരണത്തിന്റെ ചുരുളഴിച്ചത്.

അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളുടെ വീട്ടില്‍ ഒരു 'രഹസ്യ തുരങ്കം' ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ കക്കൂസിനായി നിര്‍മിച്ച കുഴിയാണ് എന്‍ഐഎ രഹസ്യ തുരങ്കം എന്ന രീതിയില്‍ അവതരിപ്പിച്ചതെന്ന് വസ്തുതാന്വേഷണ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്ലംബര്‍ക്ക് വാടക നല്‍കാന്‍ കാശില്ലാത്തതിനാല്‍ വീട്ടില്‍ സ്വന്തമായി കക്കൂസ് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു അബു സുഫിയാന്‍. കക്കൂസ് ടാങ്കിനായി എടുത്ത കുഴിയാണ് എന്‍ഐഎ 'തുരങ്കമാക്കി' മാറ്റിയത്. സെപ്റ്റംബര്‍ 18നാണ് വീട് വളഞ്ഞ് മൂന്നുപേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇതേദിവസം തന്നെ കുടിയേറ്റ തൊഴിലാളികളായ മൂന്നു പേരെ കേരളത്തില്‍നിന്നും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇടതുപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കളും ഒരു മാധ്യമ പ്രവര്‍ത്തകനും അടങ്ങിയ എപിഡിആര്‍ വസ്തുതാന്വേഷണ സംഘം, ഈ അറസ്റ്റുകളെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കല്ലുവച്ച നുണയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

അറസ്റ്റിലായവരെല്ലാം മുസ്‌ലിംകളാണ്. അവരില്‍ പലരും അങ്ങേയറ്റം ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. തടവിലാക്കപ്പെട്ടവരിലെ അബു സുഫിയാന്‍ തയ്യല്‍ക്കാരനാണ്. ഇയാളുടെ വീട്ടിലാണ് എന്‍ഐഎ സംഘം 'രഹസ്യ തുരങ്കം' കണ്ടെത്തിയത്. കേരളത്തില്‍ നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസ്സന്‍ കുടുംബത്തിന്റെ ഏക ആശ്രയമാണ്. അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കള്‍ സുഫിയാന്റെ അയല്‍വാസികളാണ്. മകനെ എന്തിനാണ് അറസ്റ്റുചെയ്തതെന്നും ഇപ്പോള്‍ അവന്‍ എവിടെയാണെന്നും തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് മുര്‍ഷിദ് ഹസ്സന്റെ മാതാവ് സംഘത്തോട് വ്യക്തമാക്കിയത്.

22കാരനായ ഹസ്സന് ഒരിക്കലും 'തീവ്രവാദി'യാകാന്‍ കഴിയില്ലെന്ന് അയല്‍ക്കാരും വ്യക്തമാക്കുന്നു. കേരളത്തില്‍ തൊഴില്‍ ചെയ്തു കിട്ടുന്ന ചെറിയ വരുമാനം കൃത്യമായി ഇയാള്‍ മാതാപിതാക്കള്‍ക്കായി അയക്കാറുണ്ടായിരുന്നു.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ യുവശ്രീ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1500 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് എന്‍ഐഎ അറസ്റ്റിലായ മറ്റൊരു 22 കാരനായ നജ്മുസ് ഷാകിബ്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സഹായിക്കുന്നതിനുള്ള പദ്ധതി. തീവ്രവാദ ശൃംഖലയുടെ പണ കൈമാറ്റത്തിനായി ഷാക്കിബിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വസ്തുതാന്വേഷണ സംഘത്തിന് ഇയാളുടെ പാസ്ബുക്കുകളില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിചിത്രമെന്നു പറയട്ടെ, ഇലക്ട്രീഷ്യന്‍ ലിയു യെന്‍ അഹമ്മദ് ഉള്‍പ്പെടെ അറസ്റ്റിലായ പലരുടെയും ബന്ധുക്കള്‍ ശൂന്യമായ പോളിത്തീന്‍ ബാഗുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായി എന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആ ഒപ്പുകള്‍ എന്തിന് വേണ്ടി ഉപയോഗിക്കുമെന്ന് വ്യക്തമല്ല. അറസ്റ്റിലായ കല്‍പണിക്കാരന്‍ ഷമീം അന്‍സാരിയെക്കുറിച്ച് ഇതുവരെ യാതൊരുവിവരവുമില്ലെന്ന് നെയ്ത്തുകാരിയായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ മാതാവ് പറയുന്നു. മറ്റൊരു കല്‍പണിക്കാരനായ അല്‍ മാമുന്‍ കലാമിനെയും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു കൊണ്ടുപോയെങ്കിലും വിശദീകരണമൊന്നും നല്‍കിയിട്ടില്ല. നിയമപരമായ സഹായം തേടാന്‍ കഴിയാത്തത്ര ദരിദ്രരാണ് ഈ കുടുംബങ്ങളെന്നും മാധ്യമങ്ങളുടെ നിരന്തരമായ തെറ്റായ പ്രചാരണം പ്രദേശവാസികളെ ഭയപ്പെടുത്തുന്നുവെന്നും വസ്തുതാന്വേഷണ സംഘം പറയുന്നു.

അറസ്റ്റ് വാറന്റോ മറ്റോ ഇല്ലാതെയാണ് എന്‍ഐഎ സംഘമെത്തിയത്. ശൂന്യമായ പൊളിത്തീന്‍ ബാഗുകള്‍, ഫോമുകള്‍, പേപ്പറുകള്‍ എന്നിവയില്‍ ഒപ്പിടാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിതരാക്കി. അറസ്റ്റിലായ വ്യക്തിക്കോ കുടുംബത്തിനോ പേപ്പറില്‍ ഒപ്പിടുന്നതിന് മുമ്പ് ചിന്തിക്കാന്‍ സമയമൊന്നും നല്‍കിയില്ല. അറസ്റ്റിലായി ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റിലായവര്‍ എവിടെയാണെന്ന് കുടുംബങ്ങളെ അറിയിച്ചിട്ടില്ല. ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അവരുടെ വസ്ത്രത്തില്‍ പേരോ റാങ്കുകളോ പ്രദര്‍ശിപ്പിച്ചിട്ടില്ല. അറസ്റ്റിലായവര്‍ ഏതെങ്കിലും തീവ്രവാദ, വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്ന സൂചനകളോ വസ്തുതകളോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വസ്തുതാ കണ്ടെത്തല്‍ സംഘം വ്യക്തമാക്കുന്നു.

കേരളത്തില്‍നിന്നു പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശിയുടെ വീട്ടിലും തുരങ്കം കണ്ടെത്തിയെന്ന് എന്‍ഐഎ അവകാശപ്പെട്ടിരുന്നു. അതും കക്കൂസ് കുഴിയാണെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സംഭവത്തില്‍ വസ്തുതാന്വേഷണ സംഘം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടിയന്തിര ഇടപെടല്‍ തേടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, ദേശീയ സുരക്ഷാ നിയമം, ദേശീയ അന്വേഷണ ഏജന്‍സി നിയമം എന്നിവ റദ്ദാക്കണമെന്ന് എപിഡിആര്‍ ആവശ്യപ്പെട്ടു.

ശൂന്യമായ പേപ്പറുകളിലോ പ്ലാസ്റ്റിക് ഷീറ്റുകളിലോ ഒപ്പിടാന്‍ ആളുകളെ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണം. ജനങ്ങളോട് മോശമായി പെരുമാറുന്നതും കുടുംബങ്ങളുടെ അനുമതിയില്ലാതെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീടുകളില്‍ ബലമായി പ്രവേശിക്കുന്നതുമായി രീതികള്‍ അവസാനിപ്പിക്കണമെന്നും എപിഡിആര്‍ സംഘം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it