Sub Lead

തൊപ്പി ധരിച്ചതിന്റെ പേരില്‍ രണ്ട് മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം

ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ അര്‍ബാസ് അഫ്താബ് എന്ന യുവാവ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവവും കര്‍ണാടകയില്‍ അരങ്ങേറി.

തൊപ്പി ധരിച്ചതിന്റെ പേരില്‍ രണ്ട് മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം
X

ബംഗളൂരു: സംഘപരിവാര്‍ അധിക്രമം വര്‍ധിച്ചു വരുന്ന ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. തൊപ്പി ധരിച്ചതിന്റെ പേരില്‍ രണ്ട് മുസ് ലിം വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതായി ദി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ബഗല്‍കോട്ടെ ജില്ലയിലാണ് സംഭവം. ഇക്കല്‍ നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷന്‍ ക്ലാസില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥികളെ 15 പേരടങ്ങുന്ന ഹിന്ദുത്വര്‍ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തങ്കടഗി മഞ്ജു എന്നയാളാണ് തങ്ങളെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികള്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിലും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം കൊടുത്തയാളുടെ പേര് വിദ്യാര്‍ഥികള്‍ പോലിസിനോട് പറഞ്ഞെങ്കിലും അക്രമിയുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

സംഭവത്തില്‍ പോലിസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അക്രമത്തിന് ഇരയായ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു എഫ്‌ഐആറും അക്രമികളുടെ പരാതിയില്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്ത് മറ്റൊരു എഫ്‌ഐആറും പോലിസ് രജിസ്റ്റര്‍ ചെയ്തു.

അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് എസ്പി ലോകേഷ് ഭരമപ്പ ജഗലാസര്‍ പറഞ്ഞു. സിആര്‍പിസി പ്രകാരം ഇരുവഭാഗത്തിന്റേയും പരാതി തള്ളാനാവില്ലെന്നും അക്രമികളില്‍ ചിലര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ അര്‍ബാസ് അഫ്താബ് എന്ന യുവാവ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവവും കര്‍ണാടകയില്‍ അരങ്ങേറി. സംഭവത്തില്‍ ശ്രീരാം സേന നേതാവടക്കം പ്രതികള്‍ അറസ്റ്റിലായി. ബിജെപി അധികാരത്തിലേറിയതിന് കര്‍ണാടകയില്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.


english summery: Two boys attacked for wearing skull caps in private tuition class in Karnataka.

Next Story

RELATED STORIES

Share it