Sub Lead

പരീക്ഷാ പേ ചര്‍ച്ച: ആദ്യ ട്വീറ്റില്‍ നിന്ന് ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രം നീക്കം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷാ പേ ചര്‍ച്ച: ആദ്യ ട്വീറ്റില്‍ നിന്ന് ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രം നീക്കം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷാ പേ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വിറ്ററിലെ പോസ്റ്റില്‍ നിന്ന് ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രം ഒഴിവാക്കി. ഏപ്രില്‍ ഒന്നിന് നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയുടെ അഞ്ചാമത് പതിപ്പിനെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ നല്‍കിയ അറിയിപ്പിലാണ് സ്‌കൂള്‍ യൂനിഫോം സഹിതം ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ചിത്രവും മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും നല്‍കിയിരുന്നത്.



എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രം ഒഴിവാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് എഡിറ്റ് ചെയ്തു. ഹിജാബ് പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രിയുടെയും ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ട്വീറ്റ് പെട്ടെന്ന് നീക്കം ചെയ്‌തെങ്കിലും ചിലര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഹിജാബ് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ ഹജാബ് ധരിച്ച പെണ്‍കുട്ടിയുടെ ചിത്രത്തോട് പോലും വര്‍ഗീയപരമായ വേര്‍തിരിവ് കാണിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

കേന്ദ്ര നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. മേല്‍ത്തട്ടില്‍ വര്‍ഗീയത എത്രമാത്രം രാഷ്ട്രീയത്തെ ബാധിക്കുമെന്നതിന്റെ പുതിയ ഉദാഹരണമാണെന്നാണ് പലരും പറയുന്നത്. ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രമായതുകൊണ്ടാണോ നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ ഉപയോക്താവായ രവി നായര്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രണ്ട് ട്വീറ്റുകളുടെയും സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തത്? ഹിജാബ് ധരിച്ച ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രം അവര്‍ പോസ്റ്റ് ചെയ്തതുകൊണ്ടാണോ ?- അദ്ദേഹം ചോദിക്കുന്നു.

ഏപ്രില്‍ 1ന് രാജ്യതലസ്ഥാനത്തെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 'പരീക്ഷാ പേ ചര്‍ച്ച' യുടെ അഞ്ചാമത് രാജ്യാന്തര ആശയ വിനിമയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കും. ഈ തല്‍സമയ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിക്കുന്ന വാര്‍ഷിക പരിപാടിയാണിതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ചയോടുള്ള വിദ്യാര്‍ഥികളുടെ ആവേശം അവിശ്വസനീയമാണെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it