Sub Lead

ഉന്നാവോ: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചത് അപകടത്തിന് തൊട്ടുമുമ്പ്

ഉന്നാവോ: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചത് അപകടത്തിന് തൊട്ടുമുമ്പ്
X

ലഖ്‌നോ: ഉന്നാവോ ബലാല്‍സംഗ ഇരയെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ അപകടത്തില്‍പ്പെടുത്തിയ ട്രക്കിന്റെ നമ്പര്‍ കറുപ്പ് നിറം ഉപയോഗിച്ച് മറച്ചത് അവസാന നിമിഷമെന്നതിന് തെളിവ്. ജൂലൈ 28ന് ജില്ലയിലെ ലാല്‍ഗഞ്ച് ഏരിയയിലുള്ള ടോള്‍ പ്ലാസയിലൂടെ കടന്നുപോവുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ മറച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കാര്‍ അപകടത്തിനിരയായ ഗുര്‍ബക്ഷ് ഗഞ്ചില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ലാല്‍ഗഞ്ച്.

ട്രക്ക് റായ്ബറേലിയിലേക്കു പ്രവേശിച്ചത് രാവിലെ 5.20നാണെന്ന് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ദൃശ്യത്തില്‍ വ്യക്തമാണ്. കാര്‍ അപകടം നടന്നത് ഉച്ചയ്ക്ക് 12.40ന് ആണ്. എന്നാല്‍, ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിച്ച സമയത്ത് ട്രക്കിന്റെ നമ്പറില്‍ കറുപ്പ് നിറം പൂശിയിരുന്നു. ട്രക്ക് സ്വകാര്യ സ്ഥാനപത്തില്‍ നിന്ന് ലോണിന് വാങ്ങിയതാണെന്നും ലോണ്‍ തിരിച്ച് അടക്കാത്തതിനാല്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാനാണ് നമ്പര്‍ മായ്ച്ചതെന്നും ട്രക്ക് ഉടമ ദേവേന്ദ്ര സിങ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അത് നുണയാണെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ടോള്‍ പ്ലാസ കടന്നതിന് ശേഷമാണ് ട്രക്ക് ഡ്രൈവര്‍ നമ്പര്‍ മായ്ച്ച് കളഞ്ഞതെന്നാണ് പ്രഥമ ദൃഷ്ട്യാ വ്യക്തമാവുന്നത്- റായ്ബറേലി പൂലിസ് സൂപ്രണ്ട് സുശീല്‍ കുമാര്‍ സിങ് പറഞ്ഞു.

അപകടത്തിനിടയാക്കിയ ട്രക്ക് ഫത്തേഹ്പൂരിലേക് പുറപ്പെടുംമുമ്പ് 30 കിലോമീറ്റര്‍ അകലെയുള്ള രാജ്ഘട്ടിലെ സുഹ്‌റബിലുള്ള നിര്‍മാണ വസ്തു വില്‍പ്പന ശാലയില്‍ മണല്‍ എത്തിച്ചിരുന്നു. ഫത്തേഹ്പൂരിലേക്ക് മടങ്ങുമ്പോഴായിരിക്കണം ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചതെന്ന് സിങ് പറഞ്ഞു. ഡ്രൈവറെയും ക്ലീനറെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. അവര്‍ സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹന ലോണ്‍ കമ്പനിയുടെ കാണ്‍പൂര്‍ ബ്രാഞ്ച് കളക്ഷന്‍ മാനേജര്‍ ട്രക്ക് ഉടമയുടെ അവകാശവാദം നിഷേധിച്ചു. ട്രക്ക് വാങ്ങിയയാള്‍ കൃത്യമസയത്ത് പണം അടച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രക്ക് ഉടമയുടെ കുടുംബവും ബലാല്‍സംഗക്കേസില്‍ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ കുടുംബവും ഫത്തേഹ്പൂര്‍ ജില്ലക്കാരാണ്. ദേവേന്ദ്ര സിങിന്റെ ബിസിനസ് പങ്കാളിയും മൂത്ത സഹോദരനുമായ നന്ദ് കിശോര്‍ 2011 വരെ സമാജ്‌വാദി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നുവെന്ന് നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 2007 മുതല്‍ 2017 വരെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ആയിരുന്നു സെന്‍ഗാര്‍.

അതേ സമയം, വാഹന അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐ 20 അംഗ പ്രത്യേക സംഘത്തിന് രൂപം നല്‍കി. സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ആറ് മുതിര്‍ന്ന വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തിയതായി സിബിഐ വക്താവ് അറിയിച്ചു.

അപകടം നടക്കുമ്പോള്‍ ബലാല്‍സംഗ ഇരയുടെ അഭിഭാഷകനും രണ്ട് ആന്റിമാരുമാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നത്. ആന്റിമാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 19കാരിയും അഭിഭാഷകനും ഇപ്പോള്‍ ലഖ്‌നോയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സെന്‍ഗാര്‍ ആണ് അപകടത്തിന് പിന്നിലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it