Sub Lead

യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു; സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) ബാരാബങ്കി ജില്ലാ നേതാവ് രാഹുല്‍ സിങ്ങിന്റെ ഭാര്യ സ്‌നേഹലത (28) യാണ് കൊല്ലപ്പെട്ടത്. അതേസമയം, സ്ത്രീധനത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയതാണെന്ന സ്‌നേഹലതയുടെ പിതാവ് രാംകുമാറിന്റെ പരാതിയില്‍ രാഹുല്‍ സിങ്ങി (31) നെതിരേ പോലിസ് കേസെടുത്തു.

യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു; സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍
X

രാഹുല്‍ സിങ്ങും ബന്ധുക്കളുമടക്കം ആറുപേര്‍ക്കെതിരേ കേസെടുത്തു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി യുവജനവിഭാഗം നേതാവിന്റെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) ബാരാബങ്കി ജില്ലാ നേതാവ് രാഹുല്‍ സിങ്ങിന്റെ ഭാര്യ സ്‌നേഹലത (28) യാണ് കൊല്ലപ്പെട്ടത്. അതേസമയം, സ്ത്രീധനത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയതാണെന്ന സ്‌നേഹലതയുടെ പിതാവ് രാംകുമാറിന്റെ പരാതിയില്‍ രാഹുല്‍ സിങ്ങി (31) നെതിരേ പോലിസ് കേസെടുത്തു. ബന്ധുക്കളായ മറ്റ് അഞ്ചുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധനത്തിന്റെ പേരിലുള്ള മരണം, ഭര്‍ത്താവോ ബന്ധുക്കളോ യുവതിയോട് ക്രൂരമായി പെരുമാറല്‍, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഹുല്‍ സിങ്ങിനെ പോലിസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ശനിയാഴ്ച രാത്രിയില്‍ ദൗലത്പൂരിലേക്കു പോവുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി അജ്ഞാതര്‍ ഭാര്യയ്ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് രാഹുല്‍ സിങ് പോലിസില്‍ നല്‍കിയ പരാതി. രണ്ട് ബുള്ളറ്റുകള്‍ ഭാര്യയുടെ ശരീരത്തില്‍ പതിച്ചാണ് മരണമുണ്ടായതെന്നും രാഹുല്‍ പരാതി നല്‍കിയതായി ഫാതഹ്പൂര്‍ സ്റ്റേഷനിലെ എസ്‌ഐ സന്തോഷ് ഉപാധ്യായ പറഞ്ഞു. എന്നാല്‍, യുവതിയുടെ പിതാവും ബന്ധുക്കളും രാഹുല്‍ സിങ്ങിനെതിരേ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സ്ത്രീധനത്തെച്ചൊല്ലി രാഹുല്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും യുവതി മാതാവിനോട് പറഞ്ഞിരുന്നതായി പോലിസില്‍ പിതാവ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു.

മായോ മെഡിക്കല്‍ കോളജിലെ അധ്യാപികയായ മകള്‍ക്ക് പ്രതിമാസം 28,000 രൂപ ശമ്പളവുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞയുടന്‍ രാഹുല്‍ കാര്‍ വാങ്ങിനല്‍കണമെന്ന് യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തന്റെ ജീവനുപോലും ഭീഷണിയുണ്ടെന്ന് മകള്‍ ഭയപ്പെട്ടിരുന്നു. രാഹുലിന്റെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു. അതേസമയം, രാഹുല്‍ സിങ്ങിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനോട് പ്രതികരിക്കാന്‍ ബിജെപി ബാരാബങ്കി ജില്ലാ പ്രസിഡന്റ് അവധേഷ് ശ്രീവാസ്തവ തയ്യാറായില്ല. രാഹുല്‍ യുവമോര്‍ച്ച ജില്ലാ നേതാവാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അന്വേഷണം നടക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it