Sub Lead

ഗസയിലെ ഫലസ്തീനികളെ കിഴക്കന്‍ ആഫ്രിക്കയിലേക്ക് മാറ്റാന്‍ യുഎസും ഇസ്രായേലും ഗൂഡാലോചന നടത്തുന്നതായി റിപോര്‍ട്ട്

ഗസയിലെ ഫലസ്തീനികളെ കിഴക്കന്‍ ആഫ്രിക്കയിലേക്ക് മാറ്റാന്‍ യുഎസും ഇസ്രായേലും ഗൂഡാലോചന നടത്തുന്നതായി റിപോര്‍ട്ട്
X

അല്‍ ഖുദ്‌സ്(ജെറുസലേം): ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് കിഴക്കന്‍ ആഫ്രിക്കയിലേക്ക് മാറ്റാന്‍ യുഎസും ഇസ്രായേലും ഗൂഢാലോചന നടത്തുന്നതായി റിപോര്‍ട്ട്. സുഡാന്‍, സോമാലിയ, സോമാലി ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് ഗസ നിവാസികളെ മാറ്റാനാണ് ഗൂഡാലോചനയെന്ന് അസോസിയേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു. യുഎസിന്റെ ആവശ്യം നിരസിച്ചതായി സുഡാന്‍ അറിയിച്ചു. എന്നാല്‍, തങ്ങളെ ഇതുവരെ യുഎസ് ബന്ധപ്പെട്ടിട്ടില്ലെന്ന് സോമാലിയയും സോമാലി ലാന്‍ഡും അറിയിച്ചു.


ഗസയിലെ 20 ലക്ഷം ഫലസ്തീനികളെ മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറ്റണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ നിലപാടില്‍ നിന്ന് പിന്‍മാറിയെങ്കിലും ഗൂഡാലോചനകള്‍ നടക്കുകയാണ്. ഫലസ്തീനികളെ മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറ്റണമെന്ന് കാലങ്ങളായി ഇസ്രായേലിലെ സയണിസ്റ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ട്രംപ് തന്നെ ആ നിലപാട് എടുത്തതോടെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പിന്തുണച്ചു. തുടര്‍ന്ന് കഴിഞ്ഞമാസമാണ് മൂന്നുരാജ്യങ്ങളെ ഇതിനായി തിരഞ്ഞെടുത്തത്. എബ്രഹാം ഉടമ്പടിയിലൂടെ ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തിയ അറബ് രാജ്യങ്ങള്‍ക്ക് നല്‍കിയ പോലെ സഹായങ്ങള്‍ ഈ മൂന്നുരാജ്യങ്ങള്‍ക്കും നല്‍കാനും തീരുമാനിച്ചു.

നേരത്തെ സുഡാനും എബ്രഹാം ഉടമ്പടിയില്‍ ഒപ്പിട്ടിരുന്നു. ഇതോടെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങള്‍ എന്ന പട്ടികയില്‍ നിന്ന് സുഡാനെ യുഎസ് നീക്കി. ഇത് പലതരം അന്താരാഷ്ട്ര വായ്പകളും സഹായങ്ങളും സ്വീകരിക്കാന്‍ സുഡാനെ സഹായിച്ചു. എന്നാല്‍, ആഭ്യന്തരയുദ്ധം മൂലം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സുഡാന് സാധിച്ചില്ല. ഫലസ്തീനികളെ സ്വീകരിച്ചാല്‍ സുഡാന്റെ കടങ്ങളെല്ലാം എഴുതി തള്ളാമെന്നാണ് യുഎസ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ആഴ്ച്ച നടന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത സുഡാന്‍ സൈനികമേധാവി അബ്ദുല്‍ ഫത്താ ബുര്‍ഹാന്‍ പറഞ്ഞത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സോമാലിയയില്‍ നിന്നും വിട്ടുപോയ പ്രദേശമാണ് സോമാലി ലാന്‍ഡ്.


ഇതിനെ ഒരുരാജ്യമായി അന്താരാഷ്ട്രസമൂഹം അംഗീകരിച്ചിട്ടില്ല. സോമാലി ലാന്‍ഡ് തങ്ങളുടെ ഭൂമി തന്നെയാണെന്നാണ് സോമാലിയ പറയുന്നത്. സോമാലി ലാന്‍ഡിനെ ഒരു രാജ്യമായി ലോകം അംഗീകരിക്കണമെന്നാണ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയുടെ ആവശ്യം. ഡോണള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുള്ളത്. സൈനികപരമായി പ്രാധാന്യമുള്ള ഈ പ്രദേശത്ത് സ്വാധീനമുള്ളവര്‍ക്ക് ഏദന്‍ ഉള്‍ക്കടലില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. യെമനിലെ ഹൂത്തികളെ ആക്രമിക്കാനും ഈ പ്രദേശം ഉപയോഗിക്കാന്‍ സാധിക്കും. ഹൂത്തികളുടെ ശത്രുവായ യുഎഇക്ക് നിലവില്‍ സോമാലി ലാന്‍ഡില്‍ സൈനിക താവളമുണ്ട്. തൊട്ടടുത്ത ജിബൂത്തിയില്‍ ഇസ്രായേലിന് സൈനികതാവളമുണ്ട്. സോമാലി ലാന്‍ഡില്‍ ഇസ്രായേലിന് വേണ്ട സൗകര്യങ്ങള്‍ യുഎഇ ചെയ്തു കൊടുക്കുന്നതായി ഒരു ഇറ്റാലിയന്‍ മാധ്യമം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. സോമാലി ലാന്‍ഡിനെ രാജ്യമായി യുഎസ് അംഗീകരിക്കുകയാണെങ്കില്‍ ഫലസ്തീനികളെ താമസിപ്പിക്കാന്‍ അവര്‍ തയ്യാറായേക്കും. എന്നാല്‍, ഫലസ്തീനികള്‍ക്ക് ശക്തമായ പിന്തുണനല്‍കുന്ന രാജ്യമാണ് സോമാലിയ. ഇക്കഴിഞ്ഞ അറബ് ഉച്ചകോടിയിലും അവര്‍ ആ നിലപാട് ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it