Sub Lead

ഇസ്‌ലാമോഫോബിയക്കെതിരെ 100 ഇന പദ്ധതിയുമായി യുഎസ് സര്‍ക്കാര്‍; വേണ്ടത്ര ഫലപ്രദമല്ലെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്

ഇസ്‌ലാമോഫോബിയക്കെതിരെ 100 ഇന പദ്ധതിയുമായി യുഎസ് സര്‍ക്കാര്‍;  വേണ്ടത്ര ഫലപ്രദമല്ലെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്
X

വാഷിങ്ടണ്‍: ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ട പദ്ധതിയുമായി യുഎസ് സര്‍ക്കാര്‍ രംഗത്ത്. ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിന് വേണ്ട നൂറിലധികം നടപടികളുടെ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. മുസ്‌ലിംകള്‍ക്കും അമേരിക്കന്‍ അറബ് വംശജര്‍ക്കുമെതിരായ വെറുപ്പ്, അക്രമം, പക്ഷപാതം, വിവേചനം എന്നിവ അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് രേഖയില്‍ വിശദമാക്കിയിരിക്കുന്നത്. ആദ്യപടിയെന്ന നിലക്കാണ് യുഎസ് ഭരണകൂടം ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

വെറുപ്പും വിവേചനവും വര്‍ധിക്കുന്നുവെന്ന ഭയം അമേരിക്കന്‍ ജൂതന്മാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍, 2023 മേയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സെമിറ്റിക് വിരുദ്ധതതക്ക് എതിരായ പോരാട്ടത്തിനുള്ള ദേശീയ പദ്ധതിക്കു സമാനമായ രീതിയിലാണ് ഇപ്പോള്‍ ഇസ്‌ലാംഭീതിക്കെതിരേയും യുഎസ് രംഗത്തുവരുന്നത്.

വൈറ്റ്ഹൗസില്‍ ഇസ്‌ലാമോഫോബിയക്കെതിരായ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. നടപടികളില്‍ ഏറിയകൂറും നടപ്പാക്കി കഴിഞ്ഞുവെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. ബാക്കിയുള്ളവ, 2025 ജനുവരി 20ന് പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



പദ്ധതിക്ക് നാല് അടിസ്ഥാന മുന്‍ഗണനകളാണുള്ളത്. മുസ്‌ലിംകള്‍ക്കും അറബികള്‍ക്കും എതിരായ വെറുപ്പിനെതിരേ അവബോധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഈ വിഭാഗങ്ങളുടെ പൈതൃകത്തെക്കുറിച്ച് വ്യാപകമായ തോതില്‍ തിരിച്ചറിവ് നല്‍കുക, അവരുടെ ക്ഷേമവും സുരക്ഷയും വലിയ അളവില്‍ മെച്ചപ്പെടുത്തുക, അവര്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിന് മുസ്‌ലിംകളുടെ മതാചാരങ്ങള്‍ക്ക് ഉചിതമായ സൗകര്യങ്ങള്‍ ഒരുക്കുക, മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷത്തെ ഫലപ്രദമായി ചെറുക്കാന്‍ മതാന്തര ഐക്യദാര്‍ഢ്യം പ്രോല്‍സാഹിപ്പിക്കുക എന്നിവയാണവ.

''മുസ്‌ലിം ആണെന്ന കാരണത്താല്‍ വ്യക്തികള്‍ ചിലപ്പോഴെല്ലാം ലക്ഷ്യം വയ്ക്കപ്പെടാറുണ്ട്. അറബ് വംശജരാണെന്നത് തിരിച്ചറിയുമ്പോള്‍ അവരും നിന്ദയ്ക്കും ആക്രമണത്തിനും ശരവ്യമാവാറുണ്ട്'' -രേഖയില്‍ പ്രസ്താവിക്കുന്നു. രാഷ്ട്രത്തിന്റെ രൂപീകരണ ഘട്ടം മുതലേ മുസ്‌ലിംകളും അമേരിക്കന്‍ അറബ് വംശജരും അതിന്റെ നിര്‍മാണത്തില്‍ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ''പുതിയ വിവരശേഖരണങ്ങളും വിദ്യാഭ്യാസ സംരംഭങ്ങളും വഴി അമേരിക്കന്‍ അറബ് വംശജരുടെയും മുസ്‌ലിംകളുടെയും അഭിമാനകരമായ പൈതൃകം പകര്‍ന്നു കൊടുക്കുന്നതിലൂടെ വെറുപ്പിന്റെ വിവിധ രൂപങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാവും''-പ്രഖ്യാപന രേഖ അടിവരയിടുന്നു.

മുസ്‌ലിംകള്‍ക്കും അമേരിക്കന്‍ അറബ് വംശജര്‍ക്കുമെതിരായ വിവേചനം നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു. വൈറ്റ്ഹൗസിന്റെ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റുകള്‍ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ ഭരണകൂടങ്ങള്‍ക്കുമൊപ്പം സര്‍ക്കാരിതര സംഘങ്ങളുടെ കൂടി സഹായം വേണ്ടതുണ്ട്. നമ്മുടെ പൊതുവായ മാനവികതയെ തിരിച്ചറിഞ്ഞ് സമാന സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുന്നതിലൂടെ നമ്മുടെ മൂല്യങ്ങളും ചരിത്രവും പങ്കുവയ്ക്കാനാവും. അതിലൂടെ എല്ലാവര്‍ക്കും തുല്യ നീതി, സ്വാതന്ത്ര്യം, സുരക്ഷ എന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടാനും കഴിയുമെന്നും പ്രഖ്യാപന രേഖ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ജോ ബൈഡന്‍ തന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രചാരണത്തിനിറങ്ങിയപ്പോഴും അദ്ദേഹം പിന്മാറിയതിനു ശേഷം കമലാ ഹാരിസ് പ്രചാരണം നടത്തിയപ്പോഴുമെല്ലാം ഫലസ്തീന്‍ അനുകൂല മുസ്‌ലിം ഗ്രൂപ്പുകള്‍, ഗസയില്‍ ഹമാസിനെതിരേ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന് ബൈഡന്‍ ഭരണകൂടം നല്‍കി വന്ന സമ്പൂര്‍ണ പിന്തുണയെ അപലപിച്ച് രംഗത്തുവന്നിരുന്നു. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നിട്ടും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ നഗരങ്ങളില്‍ ട്രംപാണ് വിജയിച്ചത്. ട്രംപിനെ പിന്തുണച്ച അമേരിക്കന്‍ അറബ് വംശജര്‍, ഡോണള്‍ഡ് ട്രംപ് തന്റെ ഭാവി ഭരണകൂടത്തിന്റെ കാബിനറ്റിലും മറ്റു മേഖലകളിലും തന്നിഷ്ട പ്രകാരം ചിലരെ കുത്തിനിറക്കുന്നതില്‍ ഇപ്പോള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

യുഎസിലെ ഏറ്റവും വലിയ പൗരാവകാശ പ്രസ്ഥാനമായ 'ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്' ഇപ്പോഴത്തെ നയപ്രഖ്യാപന രേഖയെ നിശിതമായ വിമര്‍ശന ബുദ്ധിയോടെയാണ് വിലയിരുത്തുന്നത്. ''വൈറ്റ്ഹൗസിന്റെ വളരെ വൈകിപ്പോയ രേഖ'' എന്നാണ് പ്രഖ്യാപന രേഖയെ കുറിച്ച് അവരുടെ പ്രതികരണം. 'വളരെ തുച്ഛമായത്, വളരെ വൈകിയത്' എന്നും അവര്‍ രേഖയെ വിശേഷിപ്പിക്കുന്നു.

'വൈറ്റ്ഹൗസിന്റെ രേഖ, മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ മനോഭാവത്തെ കുറിച്ച് ഗുണകരമായ ചില ശുപാര്‍ശകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പക്ഷേ, വളരെ വൈകിയാണത് വെളിച്ചം കണ്ടത്. അതുകൊണ്ട് വേണ്ടത്ര ഫലം ചെയ്യണമെന്നില്ല. മുസ്‌ലിംകള്‍ക്കെതിരായ വിവേചനം ശാശ്വതമായി നിലനിര്‍ത്തുന്നതില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഫെഡറല്‍ നടപടികള്‍ പരാജയമടയും'' കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില അറബ് അമേരിക്കന്‍ ഗ്രൂപ്പുകളെ ഭീകരരായി ഫെഡറല്‍ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് രേഖയില്‍ പരാമര്‍ശമില്ലെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്ന് മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ മുന്‍സീറ്റ് െ്രെഡവറായ ഇസ്രായേലിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച്, അമേരിക്കന്‍ പിന്തുണയോടെ ഗസയില്‍ തുടരുന്ന വംശഹത്യക്ക് അറുതി വരുത്തുന്നതിനെ കുറിച്ച് എന്തെങ്കിലും പറയുന്നതില്‍ ഈ രേഖ പരാജയപ്പെട്ടിരിക്കുന്നു''- പ്രസ്താവന ഊന്നിപ്പറയുന്നു.

Next Story

RELATED STORIES

Share it