Sub Lead

അമ്മയും അമ്മൂമ്മയും അടക്കം 12 പേരെ കൊന്ന മന്ത്രവാദി വൈദ്യന്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചു

അമ്മ സരോജയോടുള്ള ദേഷ്യവും ചികില്‍സക്കായി പണം നല്‍കാനുള്ള മനസില്ലായ്മയുമാണ് അവരുടെ കൊലപാതകത്തിന് കാരണമായത്.

അമ്മയും അമ്മൂമ്മയും അടക്കം 12 പേരെ കൊന്ന മന്ത്രവാദി വൈദ്യന്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചു
X

അഹമദാബാദ്: അമ്മയും അമ്മൂമ്മയും അമ്മാവനും അടക്കം 12 പേരെ വിഷം കൊടുത്തുകൊന്ന മന്ത്രവാദി വൈദ്യന്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചു. അഹമദാബാദിലെ അക്ഷര്‍ധാം സൊസൈറ്റിയിലെ നവല്‍സിങ് ചാവ്ഡയെയാണ് ഞായറാഴ്ച്ച രാവിലെ സര്‍ഖജ് പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കപ്പില്‍ കിടന്ന ചാവ്ഡ പെട്ടെന്ന് ചോരതുപ്പിയെന്നും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ശിവം വര്‍മ പറഞ്ഞു. ഡോക്ടര്‍മാരുടെ പാനല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ശിവം വര്‍മ കൂട്ടിചേര്‍ത്തു.

കുടുംബക്കാരായ അഞ്ചു പേര്‍ അടക്കം 12 പേരെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇയാള്‍ കൊന്നതിന് തെളിവ് ലഭിച്ചെന്ന് പോലിസ് പറയുന്നു. കൂടുതല്‍ പേരെ കൊന്നിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലിസ് സംശയം പ്രകടിപ്പിച്ചു. തുണിശാലകളില്‍ ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റാണ് ഇയാള്‍ കൊല നടത്താന്‍ ഉപയോഗിച്ചിരുന്നത്. സാമ്പത്തിക നേട്ടവും വ്യക്തിവൈരാഗ്യവുമാണ് പല കൊലകള്‍ക്കും കാരണം.


പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് മന്ത്രവാദം നടത്തുന്നതിനിടെ നല്‍കിയ ദ്രാവകം കുടിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായെന്ന അഭിജിത് സിങ് എന്നയാളുടെ പരാതിയിലാണ് സര്‍ഖജ് പോലിസ് ചാവ്ഡയെ കസ്റ്റഡിയില്‍ എടുത്തത്. മാന്ത്രിക-താന്ത്രിക വിദ്യകള്‍ക്കിടയില്‍ വെള്ളത്തിലും മദ്യത്തിലും സോഡിയം നൈട്രേറ്റ് കലര്‍ത്തി 12 പേരെ കൊന്നെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ മൊഴിയെ സ്ഥിരീകരിക്കുന്ന തെളിവുകള്‍ പോലിസ് ശേഖരിക്കുകയായിരുന്നു.

ആദ്യകാലത്ത് ചെറിയ തട്ടിപ്പുകളുമായി നടന്ന തനിക്ക് ഒരു 'ഗുരുവാണ്' സോഡിയം നൈട്രറ്റിനെ കുറിച്ച് പറഞ്ഞ് തന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ചാവ്ഡ കൊലപാതകങ്ങളിലേക്ക് കടക്കുകയായിരുന്നു. പണത്തിനോടും സ്വര്‍ണത്തോടും ആര്‍ത്തിയുള്ളവരെ കണ്ടെത്തി മന്ത്രവാദം നടത്തുന്ന ഇയാള്‍ ആവശ്യമെങ്കിലും കൊല്ലുകയും ചെയ്യും.

2021ല്‍ അസ്‌ലാലിയില്‍ നടന്ന വാഹനാപകടത്തില്‍ വിവേക് ഗോഹ്‌ലി എന്നയാള്‍ മരിച്ചിരുന്നു. താന്‍ കൊടുത്ത സോഡിയം നൈട്രേറ്റ് ദ്രാവകം കുടിച്ച ശേഷമാണ് വിവേക് ഗോഹ്‌ലി കാറോടിച്ചതെന്ന് ചാവ്ഡ വെളിപ്പെടുത്തി. 2023ല്‍ സുരേന്ദ്രനഗറിലെ ഒരു കനാലിന് സമീപത്ത് നിന്ന് ദീപേഷ് പട്ടാഡിയ, പ്രഫുലബെന്‍, ഉല്‍സവിബെന്‍ പട്ടാഡിയ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രവാദത്തിന് വിളിച്ചുവരുത്തി ചാവ്ഡ നല്‍കിയ സോഡിയം നൈട്രേറ്റ് ദ്രാവകം കുടിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

രാംപൂര്‍ ഡാം ഫോറസ്റ്റിന് സമീപം ഖാദര്‍ ബായ് മകാസം, ആസിഫ് ഭായ് ഖാദര്‍ഭായ്, ഫരീദാബെന്‍ ഖാദര്‍ ബായ് എന്നിവര്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവവും കൊലപാതകമായിരുന്നു.

അമ്മൂമ്മ മാങ്ഗു ബെന്നിന് അസുഖമായപ്പോള്‍ അല്‍പ്പകാലം നവല്‍സിങ് ചാവ്ഡ ചികില്‍സിച്ചിരുന്നു. എന്നാല്‍, അസുഖം മാറാതെ വന്നപ്പോള്‍ മരുന്നാണെന്ന് പറഞ്ഞ് സോഡിയം നൈട്രേറ്റ് കലക്കിയ പൊടി നല്‍കി കൊന്നു. അമ്മ സരോജയോടുള്ള ദേഷ്യവും ചികില്‍സക്കായി പണം നല്‍കാനുള്ള മനസില്ലായ്മയുമാണ് അവരുടെ കൊലപാതകത്തിന് കാരണമായത്.

നവല്‍സിങ് ചാവ്ഡയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അമ്മാവന്‍ സുര ചാവ്ഡ അസുഖമായി കിടന്നപ്പോളും അല്‍പ്പകാലം ചികില്‍സിച്ചു. അതിന് ശേഷം വിഷം കൊടുത്തുകൊന്നു. അന്‍ചാര്‍ പ്രദേശത്തെ ബന്ധുവായ രാജ് ഭവാജിയെ സോഡിയം നൈട്രേറ്റ് കലക്കിയ പൊടി നല്‍കിയാണ് കൊന്നത്. എല്ലാവരും ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ബന്ധുക്കളുടെ വാക്ക് വിശ്വസിച്ച പോലിസ് പറഞ്ഞിരുന്നത്.

കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമോ പരാതിയോ ഇല്ലാത്തതിനാല്‍ അന്വേഷണമൊന്നും നടന്നില്ല. മൃതദേഹങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ സംസ്‌കരിച്ചതിനാലും പ്രതി മരിച്ചതിനാലും അന്വേഷണം പ്രതിസന്ധിയിലാണ്. എന്തായാലും സോഡിയം നൈട്രേറ്റ് ഉപയോഗിക്കാന്‍ ചാവ്ഡയെ പഠിപ്പിച്ച ഗുരുവിനെ പിടിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it