Sub Lead

നാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

നാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈവിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ നാലുവയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളമെന്ന് അദ്ദേഹം ചോദിച്ചു.. എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. തുടര്‍ച്ചയായി സംഭവിക്കുന്ന ചികില്‍സാ പിഴവുകളിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് ചികില്‍സയ്‌ക്കെത്തുന്ന പാവങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണം. എല്ലാ സംഭവത്തിലും അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത് ആദ്യ സംഭവമല്ല. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. മരുന്നുക്ഷാമം ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരേ ഉയര്‍ന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. അങ്ങനെയുള്ളവരില്‍നിന്നു ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. നാലുവയസുകാരിയുടെ കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരേര മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം. ചികില്‍സാ പിഴവിന് ഇരയായി നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാക്കരുതെന്നും സതീശന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it