Big stories

12നും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

2010 മാര്‍ച്ച് 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക.

12നും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
X

ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസിന്റെ വിതരണവും ഇന്നു തുടങ്ങും. 2010 മാര്‍ച്ച് 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. കൊര്‍ബവാക്‌സ് മാത്രമാകും കുട്ടികളില്‍ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിന്‍ ആപ്പില്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടത്തിയും രജിസ്റ്റര്‍ ചെയ്യാം.

നിലവില്‍ 15നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരുന്നത്. സ്‌കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബയോളജിക്കല്‍ ഇ കമ്പനി പുറത്തിറക്കുന്ന കൊര്‍ബവാക്‌സ് ആകും കുട്ടികള്‍ക്ക് നല്‍കുക.

കൊര്‍ബവാക്‌സ് ഉള്‍പ്പടെ മൂന്ന് വാക്‌സീനുകള്‍ക്കാണ് നിലവില്‍ 12 വയസ്സിന് മുകളിലുള്ളവരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്‌സീന്‍ എന്നിവയാണ് മറ്റ് രണ്ട് വാക്‌സീനുകള്‍. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് കരുതല്‍ എന്ന നിലയിലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്.

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് പൂര്‍ണസജ്ജമായി കേരളം

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 2010 ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും.

Next Story

RELATED STORIES

Share it