Sub Lead

വാമനപുരം നദി കവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിര്‍ദേശം

കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്

വാമനപുരം നദി കവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: കനത്ത മഴ തുടരുകയും വാമനപുരം നദി കവിഞ്ഞൊഴുകുകയും ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. കിള്ളിയാറിനു കുറുകെയുള്ള താല്‍ക്കാലിക നടപ്പാലം വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള കാല്‍നടയാത്ര അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് നടപ്പാലത്തില്‍ വെള്ളം കയറിയത്. വട്ടപ്പാറ, നെടുമങ്ങാട് ഭാഗത്തേക്കു പോവേണ്ട നിരവധി യാത്രക്കാര്‍ ഇരുകരകളിലും കുടുങ്ങി. നിര്‍മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ അടിഭാഗത്ത് ചവറും മാലിന്യവും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് തീരങ്ങളില്‍ വെള്ളം കയറാനും ഇടയാക്കി. താല്‍ക്കാലിക നടപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇതുവഴി യാത്രക്കാരെ കടത്തി വിടുകയുള്ളുവെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. പാലത്തില്‍ വെള്ളം കയറിയ വിവരം ലഭിച്ചയുടന്‍ സി ദിവാകരന്‍ എംഎല്‍എ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. കോട്ടൂര്‍ ഉത്തരംകോട് ചപ്പാത്ത് പ്രദേശത്ത് വെള്ളം കയറിയ സ്ഥലങ്ങളില്‍ കെ എസ് ശബരീനാഥന്‍ എംഎല്‍എ സന്ദര്‍ശിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അരുവിക്കര ഡാം നിലവില്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. കരമനയാറിനു തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



Next Story

RELATED STORIES

Share it