Sub Lead

ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ട്; പോര് നാടകമെന്ന് വി ഡി സതീശന്‍

സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി വക്താവായി മാറുന്ന വിചിത്രമായ കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്.

ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ട്; പോര് നാടകമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. വിഷയത്തില്‍ പ്രതിപക്ഷം പങ്കാളികളല്ല. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞു. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. ഗവര്‍ണര്‍ അനുകൂല തീരുമാനം എടുക്കാതായപ്പോഴാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി ചെയ്യുമ്പോള്‍ ഗവര്‍ണര്‍ നല്ല വ്യക്തിയാണ്.

സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി വക്താവായി മാറുന്ന വിചിത്രമായ കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോകായുക്ത ഭേദഗതി നിയമം, സര്‍വകലാശാല ഭേദഗതി നിയമം, മില്‍മയുടെ തിരുവനന്തപുരം യൂണിയന്‍ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള നിയമം എന്നിവ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ഒരു കാരണവശാലും ഗവര്‍ണര്‍ ഇതില്‍ ഒപ്പുവെക്കരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഗവര്‍ണറെ കണ്ട് പ്രതിപക്ഷം ബോധ്യപ്പെടുത്തിയതാണ്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അന്ന് ഗവര്‍ണര്‍ അതില്‍ ഒപ്പുവെച്ചു. ഇപ്പോള്‍ ബില്ലായി ചെന്നപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ വിസമ്മതിക്കുന്നു. വിഷയത്തില്‍ ഗവര്‍ണറുടെ ശരിയായ തീരുമാനം ഇപ്പോഴത്തേതാണ്. കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി കത്തു നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it