Big stories

പ്രശസ്ത കന്നട എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികില്‍സയിലായിരുന്നു. ജ്ഞാനപീഠം ജേതാവായ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

പ്രശസ്ത കന്നട എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു
X

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികില്‍സയിലായിരുന്നു. ജ്ഞാനപീഠം ജേതാവായ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു കര്‍ണാട്.


ഇന്ത്യയിലെ നാടകപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനായ അദ്ദേഹം നിലപാടുകളില്‍ കാര്‍ക്കഷ്യം പുലര്‍ത്തി. നാടകകൃത്ത്, ചലച്ചിത്രസംവിധായകന്‍, നടന്‍, കവി, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങള്‍. ഇതില്‍ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്നു. കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തില്‍ 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് കര്‍ണാട് ജനിച്ചത്.

വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958ല്‍ ബിരുദം നേടി. 1960-63വരെ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എം എ വിരുദം നേടിയത്. 1963ല്‍ ഓക്‌സ്‌ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കര്‍ണാട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു. 1974ല്‍ പത്മശ്രീ, 1992ല്‍ പത്മഭൂഷണ്‍, 1998ല്‍ ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചരിത്ര വിഷയങ്ങള്‍ പ്രമേയമാക്കി നാടകങ്ങള്‍ രചിച്ചപ്പോള്‍ അതില്‍ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകള്‍ കണ്ടെത്തി എന്നതാണു ഗിരീഷ് കര്‍ണാടിനെ ശ്രദ്ധേയനാക്കിയത്.

Next Story

RELATED STORIES

Share it