Sub Lead

ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ താജ്മഹലില്‍ 'ഹനുമാന്‍ ചാലിസ' ചൊല്ലാനൊരുങ്ങി വിഎച്ച്പി പ്രവര്‍ത്തകര്‍

ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ താജ്മഹലില്‍ ഹനുമാന്‍ ചാലിസ ചൊല്ലാനൊരുങ്ങി വിഎച്ച്പി പ്രവര്‍ത്തകര്‍
X

ആഗ്ര: കര്‍ണാടകയില്‍ സംഘപരിവാര്‍ തുടങ്ങിവച്ച ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ആഗ്രയിലെ താജ്മഹലില്‍ അതിക്രമിച്ച് കയറി വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ താജ്മഹലില്‍ക്കയറി 'ഹനുമാന്‍ ചാലിസ' ചൊല്ലി പ്രതിഷേധിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി കാവി ഷാളും ധരിച്ചാണ് വിഎച്ച്പി പ്രവര്‍ത്തകരെത്തിയത്. കര്‍ണാടകയിലെ ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിഎച്ച്പിയുടെ വാദം.

എന്നാല്‍, പോലിസ് ഇടപെട്ട് വിഎച്ച്പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ ഹരിപര്‍വത്ത് സ്റ്റേഷനില്‍വച്ച് ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു. പിന്നീട് എല്ലാവരെയും പോലിസ് വിട്ടയച്ചു. പ്രവര്‍ത്തകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് അയക്കുമെന്നും സര്‍ക്കിള്‍ ഓഫിസര്‍ സദര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി 'കാവി ഷാള്‍' ധരിച്ച് താജ്മഹലില്‍ പ്രവേശിച്ച് ഹനുമാന്‍ ചാലിസ പാരായണം ചെയ്യാനാണ് തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്ന് ഗ്രൂപ്പിന് നേതൃത്വം കൊടുത്ത വിഎച്ച്പി ബ്രാജ് മേഖലാ വൈസ് പ്രസിഡന്റ് ആശിഷ് ആര്യ പറഞ്ഞു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടേതായ ഡ്രസ് കോഡ് ഉണ്ട്. എന്നാല്‍, ചില സാമൂഹിക വിരുദ്ധര്‍ ഹിജാബിനുവേണ്ടി പ്രതിഷേധം നടത്തി അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അനുവദിച്ചാല്‍ മറ്റ് മതങ്ങളില്‍നിന്നുള്ളവര്‍ക്കും അവരുടെ മതചിഹ്‌നങ്ങള്‍ ധരിക്കേണ്ടിവരും. ഹിജാബിന്റെ പശ്ചാത്തലത്തില്‍ മതവികാരം മനപ്പൂര്‍വം ഇളക്കിവിട്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിനിയമവും ഇവിടെ നടപ്പാക്കില്ല. എല്ലാറ്റിനുമുപരിയായ ഭരണഘടനയാണ് രാജ്യം പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it