Sub Lead

ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചു; ഐഷ സുല്‍ത്താനയ്‌ക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഐഷ സുല്‍ത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഐഷയ്‌ക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്.

ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചു; ഐഷ സുല്‍ത്താനയ്‌ക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍
X

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം കേരള ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഐഷ സുല്‍ത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഐഷയ്‌ക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. ചോദ്യം ചെയ്യലിനായാണ് ഐഷ ദ്വീപിലെത്തിയത്. ജൂണ്‍ 19ന് ദ്വീപിലെത്തിയ ഐഷയ്ക്ക് പോലിസ് സ്‌റ്റേഷനില്‍ പോവാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്.

എന്നാല്‍, പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുകയും കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നുമാണ് ആരോപണം. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള രേഖകള്‍ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബയോ വെപ്പണ്‍ പരാമര്‍ശത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ മൂന്നാം തവണയും ചോദ്യംചെയ്ത് കവരത്തി പോലിസ് വിട്ടയച്ചിരുന്നു.

ഇന്ന് രാവിലെ മുതല്‍ മൂന്നുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഐഷ സുല്‍ത്താനയെ പോലിസ് വിട്ടയച്ചത്. ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്താലും താല്‍ക്കാലിക ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. നാളെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മറ്റന്നാള്‍ കൊച്ചിയിലേക്ക് പോവാനും കവരത്തി പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. അതിനിടയിലാണ് ക്വാറന്റൈന്‍ ലംഘനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it