Sub Lead

വിസ്മയ കേസ്: കിരണ്‍കുമാറിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

വിസ്മയ കേസ്: കിരണ്‍കുമാറിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
X

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം അഞ്ചല്‍ സ്വദേശിയായ വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി എം കിരണ്‍കുമാറിന് തിരിച്ചടി. കേസില്‍ താന്‍ സമര്‍പ്പിച്ച അപ്പീലില്‍ തീര്‍പ്പുണ്ടാവുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന കിരണ്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും ജയില്‍വാസം തുടര്‍ന്നുകൊണ്ടുതന്നെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോവണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ വിസ്മയ കേസിലെ ശിക്ഷാവിധിക്കെതിരേ കിരണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയില്‍ അപ്പീല്‍ നല്‍കിയത്. ഇതിനിടെയാണ് അപ്പീലില്‍ വിധിവരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നും ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. 10 വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയുമെന്ന ശിക്ഷാവിധി നടപ്പാക്കുന്നത് തടയാനാവില്ലെന്ന് കോടതി അറിയിച്ചു. 2021 ജൂണിലാണ് ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലം ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, എംവിഡി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍കുമാര്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന വാദം ഉന്നയിച്ച് വിസ്മയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കിരണ്‍കുമാറിനെ മെയ് 24നാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്.

Next Story

RELATED STORIES

Share it