Big stories

വിഴിഞ്ഞം സമരം 25ാം ദിവസത്തിലേക്ക്; ഇന്ന് സമരസമിതി യോഗം ചേരും

വിഴിഞ്ഞം സമരം 25ാം ദിവസത്തിലേക്ക്; ഇന്ന് സമരസമിതി യോഗം ചേരും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ മല്‍സ്യത്തൊഴിലാളികളുടെ ഉപരോധസമരം ഇന്ന് 25ാം ദിവസത്തിലേക്ക് കടന്നു. ചെറിയതുറ, കൊച്ചുതോപ്പ്, തോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടക്കുക. സമരമുറകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരസമിതിയുടെ യോഗം ചേരും. സമരം സമാധാനപരമായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് റിലേ ഉപവാസസമരത്തിന് തുടക്കം കുറിച്ചത്. നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസം പിന്നിട്ടു.

മല്‍സ്യത്തൊഴിലാളികള്‍ക്ക് 5,500 രൂപ പ്രതിമാസ വാടക നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, വാടക അഡ്വാന്‍സ് അടക്കമുള്ള തുക നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വിഴിഞ്ഞം പദ്ധതി പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായാണ് തീരദേശവാസികള്‍ സമരം തുടരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്നതുപോലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വില കുറച്ച് മണ്ണെണ നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരേ ലത്തീന്‍ അതിരൂപത നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലില്‍ ഇന്ന് മൂന്ന് പുരോഹിതരും മൂന്ന് മല്‍സ്യത്തൊഴിലാളികളും ഉപവാസമിരിക്കും.

14ന് മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാനാണ് അതിരൂപതയുടെ തീരുമാനം. ജനപ്രതിനിധികളുമായി സംവാദ പരിപാടികള്‍ നടത്താനും തയ്യാറാണെന്ന് അവര്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ വിഷയം സംബന്ധിച്ച സമവായവും അനിശ്ചിതത്വത്തിലാണ്.

സമവായ ശ്രമങ്ങള്‍ പാളിയതിനെത്തുടര്‍ന്നാണ് വിഴിഞ്ഞം സമരം സംബന്ധിച്ച് സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈയെടുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സമരസമിതിക്ക് അനാവശ്യപിടിവാശിയാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. തുറമുഖത്തിന്റെ നിര്‍മാണം ഒരു തരത്തിലും തടയാന്‍ കഴിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുകയാണ്. ചെയ്യാനാവുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it