Sub Lead

വഖ്ഫ് ഭേദഗതി ബില്ല്: കേന്ദ്ര സര്‍ക്കാരിന്റെ കുല്‍സിത ശ്രമമെന്ന് എസ് ഡിപി ഐ

വഖ്ഫ് ഭേദഗതി ബില്ല്: കേന്ദ്ര സര്‍ക്കാരിന്റെ കുല്‍സിത ശ്രമമെന്ന് എസ് ഡിപി ഐ
X

ന്യൂഡല്‍ഹി: സംവരണത്തിലെ ഉപസംവരണ വ്യവസ്ഥ വീണ്ടും ചര്‍ച്ചയായതിന് പിന്നാലെ സാമൂഹികനീതി സങ്കല്‍പ്പത്തില്‍ നിന്നു പൊതുമനസാക്ഷിയെ വഴിതിരിച്ചു വിടുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കുല്‍സിത ശ്രമമാണ് വഖഫ് ഭേദഗതി ബില്ലെന്ന് എസ് ഡിപി ഐ ദേശീയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024 ജൂലൈയില്‍ കൊണ്ടുവന്ന പ്രസ്തുത ബില്ല് ഇപ്പോള്‍ പാര്‍ലമെന്ററി ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വഖ്ഫ് ഭേദഗതി ബില്ലിലെ വകുപ്പുകളെക്കുറിച്ചും പിന്നാമ്പുറത്തെ താല്‍പ്പര്യങ്ങളെക്കുറിച്ചും എസ്ഡിപിഐ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്.

രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതിവിശേഷം നന്നാക്കാന്‍ വേണ്ടി ശുപാര്‍ശകള്‍ പറയുന്ന കെ റഹ്മാന്‍ റിപോര്‍ട്ട് 2009ലെ പാര്‍ട്ടി മാനിഫെസ്‌റ്റോയില്‍ ബിജെപി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നത് ലംഘിക്കപ്പെട്ടതായാണ് ആദ്യമേ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ട് കാലയളവിലും മനപൂര്‍വ്വം ഒഴിവാക്കിയത്, ഇപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ചെയ്യുന്നത് മുസ്‌ലിം സ്വത്തുക്കളുടെ മേലെ പരിഹരിക്കാനാവാത്ത ആഘാതമുണ്ടാക്കും. വഖ്ഫ് സംവിധാനം നന്നാക്കാന്‍ പോവുന്നുവെന്ന വ്യാജേന വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നത് സ്പഷ്ടമാണ്.

വഖ്ഫ് സ്വത്തുക്കളുടെ നിലനില്‍പ്പ് മതേതര രാജ്യത്തിന് ചേര്‍ന്നതല്ലാ എന്ന പ്രചാരണം കുറേ കാലങ്ങളായി കെട്ടഴിച്ച് വിട്ടതാണ്. ആ പ്രചാരണം ഇല്ലാതാവേണ്ടതുണ്ട്. വര്‍ഗീയ ശക്തികളെ പ്രീതിപ്പെടുത്താനും രാഷ്ട്രീയ ലാഭമുണ്ടാക്കാനും വേണ്ടിയാണ് ബിജെപി ഈ വിവാദ ബില്ല് പുറത്തിറക്കിയത് എന്ന അഭിപ്രായം ശക്തമാണ്. നിലവിലുള്ള നിയമങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലും താരതമ്യപ്പെടുത്തി പരിശോധിച്ചാല്‍ പൊതുതത്ത്വങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനും നിരക്കാത്ത നിരവധി വ്യവസ്ഥകള്‍ പ്രസ്തുത ബില്ലില്‍ പ്രകടമാണ്. കാലങ്ങളായി ജാതി-മത ഭേദമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദീര്‍ഘ കാലമായി നിലകൊള്ളുന്ന ക്ഷേമ സംവിധാനമാണ് വഖ്ഫ് ബോര്‍ഡ്. ഭൂരിപക്ഷാഭിപ്രായമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള പ്രചാരണങ്ങള്‍ കൊണ്ട് വഖ്ഫ് സംവിധാനത്തെ ദുര്‍ബലമാക്കരുത്. വഖ്ഫുകളുടെ ലക്ഷ്യം എല്ലായ്‌പ്പോഴും പൊതു ഉപയോഗവും മാനവികതയുടെ നേട്ടവുമാണെന്ന് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരിക്കലും വിഭാഗീയമായോ വര്‍ഗീയമായോ അല്ല. ഇന്ത്യയിലെ വഖ്ഫുകള്‍ നല്ല നിലയ്ക്ക് നടത്തിപ്പോരുന്നതിന് വേണ്ടി നമ്മുടെ രാജ്യത്ത് പല കാലങ്ങളിലായി വളരെ അനുയോജ്യവും ശക്തവുമായ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായ പിടിപ്പുകേട് കാരണം അതൊന്നും ഗുണം ചെയ്തില്ലെന്ന് മാത്രമല്ല വഖ്ഫ് നടത്തിപ്പ് മോശം സ്ഥിതിയിലെത്തിക്കുകയും ചെയ്തു.

രാജ്യത്തിലെ മുസ്‌ലിംകള്‍ക്കെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ എസ്ഡിപിഐ ആശങ്കയോടെ കാണുന്നു. അസമില്‍ അടുത്തിടെ 19 മുസ് ലിം പുരുഷന്മാരെയും 9 മുസ് ലിം സ്ത്രീകളെയും ഗോല്‍പാര ജില്ലയിലെ 'അഭയാര്‍ത്ഥി ക്യാംപി'ലേക്ക് അയച്ചു. പ്രാദേശിക ട്രൈബ്യൂണല്‍ അവരെ 'വിദേശീയര്‍' ആയിട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണ കോടതിയില്‍ നിന്നു നീതി ലഭിക്കുന്നതിന് മുമ്പായി അവരോട് അങ്ങേയറ്റം ഹീനവും പ്രതികാരത്തോടും കൂടി പെരുമാറിയതിലൂടെ അസമിലെ ബിജെപി സര്‍ക്കാര്‍ നീതിയെ പരിഹസിക്കുകയായിരുന്നു. കോടതിയില്‍ നിന്നു നീതി ലഭിക്കാനായി എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവകാശവും അധികാരവുമുണ്ടെന്ന് എസ്ഡിപിഐ ഊന്നിപ്പറയുന്നുവെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത, ജനാധിപത്യ വിരുദ്ധമായ നടപടികള്‍ എസ്ഡിപിഐ ആഴത്തില്‍ വീക്ഷിക്കുകയും അതിനെതിരെ നിരന്തരമായ പ്രതിഷേധങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ അവശ വിഭാഗങ്ങളായ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതുകള്‍ എന്നിവര്‍ നിര്‍ഗുണ സന്തതികളാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ജനങ്ങളെ വിഭജിച്ച് വര്‍ഗീയമായി തമ്മിലടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള, ഭരണഘടന വിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും പുലര്‍ത്തുന്ന വിവേചനപരമായ നയം മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്നു. ആള്‍ക്കൂട്ട കൊലയിലൂടെയുള്ള പെട്ടെന്നുള്ള 'നീതി' ഇന്ന് രാജ്യത്ത് വ്യാപകമായി. രാജ്യത്തെ നിയമവ്യവസ്ഥ കാര്യക്ഷമമല്ലാത്ത സ്ഥിതി ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതിലേക്കും നയിച്ചു.

യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ജുഡീഷ്യല്‍ വ്യവഹാരം നടത്താതെ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ലക്ഷ്യം വച്ച് നടത്തുന്ന ബുള്‍ഡോസിങ് ഏര്‍പ്പാട് ബിജെപിയുടെ മര്‍ദ്ദക ഭരണത്തിന്റെ അടയാളമായി പ്രതിഫലിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഏഴര ലക്ഷം ഇന്ത്യക്കാരെ അവരുടെ വീടുകളില്‍ നിന്നു നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുകയും ഒന്നര ലക്ഷം ആളുകളുടെ വീടുകളും കുടിലുകളും തകര്‍ത്തതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനവധി മസ്ജിദുകള്‍ ഡല്‍ഹിയിലടക്കം നിലംപരിശാക്കിയത് ബാബരി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യത്തിന് തക്ക ശിക്ഷ ലഭിക്കാത്തതിന്റെ പ്രതിഫലനമാണ്. ന്യൂഡല്‍ഹി നിസാമുദ്ദീന്‍ വെസ്റ്റിലെ എസ്ഡിപിഐ ദേശീയ കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമദ്, ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it