Sub Lead

വഖ്ഫ് ഭൂമി കൈയേറ്റ ആരോപണം; സ്‌കൂള്‍ ഉദ്ഘാടനത്തിന് മന്ത്രി എത്തിയില്ല

വഖ്ഫ് ബോര്‍ഡ് തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ട കോഴിക്കോട് താത്തൂരിലെ വഖഫ് കൈയേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപണമുള്ള സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി മുഹമ്മദ് റിയാസ് എത്തുന്നത് കടുത്ത പ്രതിഷേധമുയര്‍ത്തിയത് തേജസ് ന്യൂസ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.

വഖ്ഫ് ഭൂമി കൈയേറ്റ ആരോപണം;  സ്‌കൂള്‍ ഉദ്ഘാടനത്തിന് മന്ത്രി എത്തിയില്ല
X

പി സി അബ്ദുല്ല

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ട കൈയേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപിക്കപ്പെടുന്ന സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രി എത്തിയില്ല. കോഴിക്കോട് മാവൂര്‍ താത്തുര്‍ ശുഹദാക്കളുടെ പള്ളിയോടു ചേര്‍ന്ന വഖ്ഫ് ഭൂമിയിലെന്ന് ആരോപണമുള്ള സ്‌കൂള്‍ കെടട്ടിടം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി മുഹമ്മദ് റിയാസ് എത്തുന്നത് കടുത്ത പ്രതിഷേധമുയര്‍ത്തിയത് തേജസ് ന്യൂസ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. തേജസ് വാര്‍ത്തയെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് മന്ത്രിയുടെ ഓഫിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന പോലിസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് മന്ത്രി റിയാസ് വിട്ടു നിന്നതെന്നാണു വിവരം.

എംകെ രാഘവന്‍ എംപി, പിടിഎ റഹീം എംഎല്‍എ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തില്ല.

ഇന്നു രാവിലെ ഒന്‍പതിനായിരുന്നു താത്തൂര്‍ എ എം എല്‍പി സ്‌കൂള്‍ ഉദ്ഘാടനച്ചടങ്ങ്. കൈയേറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വഖ്ഫ് മന്ത്രി വി അബ്ദുറഹ്മാന്‍ പരിപാടിയില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

വഖ്ഫ് കയ്യേറ്റവുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ കണ്ടെത്തലുകളാണ് താത്തൂരില്‍ ഇതിനകം പുറത്തു വന്നത്. പള്ളിയുടെ കീഴില്‍ 76.94 ഏക്കര്‍ ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ പത്ത് ഏക്കര്‍ മാത്രമാണുള്ളത്. 28 ഏക്കര്‍ അന്യാധിനപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തലെങ്കിലും ആ ഭൂമിയിലും 18 ഏക്കറോളം സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളതെന്നാണ് വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ മുതവല്ലി കുടുംബമടക്കം പലരും കൈവശം വക്കുന്ന താത്തൂര്‍ പള്ളിയോടു ചേര്‍ന്ന ബാക്കി ഭൂമിക്ക് കൃത്യമായ രേഖകളില്ലെന്നും വിജിലന്‍സിന്റേതടക്കമുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് ടികെ ഹംസ ചെയര്‍മാനായ പുതിയ വഖ്ഫ് ബോര്‍ഡ് താത്തൂരിലെ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനും അനുബന്ധ നടപടികള്‍ക്കും 2021 ഡിസംബറില്‍ ഉത്തരവിട്ടത്.

താത്തൂര്‍ ശുഹദാക്കളുടെ പള്ളിയോടു ചേര്‍ന്ന് ബ്രിട്ടീഷ് കാലം മുതല്‍ ഉണ്ടായിരുന്ന 76.94 വഖ്ഫ് ഭൂമി വിവിധ കാലയളവുകളില്‍ മുതവല്ലി ചമഞ്ഞും മറ്റും സ്വകാര്യ വ്യക്തികളും കുടുംബങ്ങളും കൈവശപ്പെടുത്തിയതിന്റെ നാള്‍ വഴികളും അന്വേഷണ വിധേയമാണ്.

വിവാദ ഭൂമിയില്‍ പുതുക്കിപ്പണിത സ്‌കൂള്‍ കെട്ടിടമാണ് ഇന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. വഖ്ഫ് സ്വത്തുക്കളുടെ കൈയേറ്റത്തിനെതിരെ പലപ്പോഴും രംഗത്തു വന്ന പിടിഎ റഹീം എംഎല്‍എ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റിരുന്നു.

1960 ല്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ പരാതിയായിരുന്നു താത്തൂര്‍ വഖ്ഫ് കൈയേറ്റ കേസ്. പള്ളി ഇമാമിന്റെ കുടുംബം അടക്കം താത്തൂരിലെ വഖ്ഫ് ഭൂമി കൈയേറിയെന്ന പരാതികളാണ് നില നില്‍കുന്നത്. അതേസമയം, താത്തൂര്‍ എ എം എല്‍പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് വഖ്ഫ് കയ്യേറ്റ ഭൂമിയിലല്ലെന്നാണ് സ്‌കൂള്‍ മാനേജറുടെ വിശദീകരണം.

Next Story

RELATED STORIES

Share it